എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്ന് മാത്യു.ടി.തോമസ്; ഭാവി തീരുമാനിക്കാൻ അടുത്ത മാസം ഏഴിന് സംസ്ഥാന കമ്മിറ്റി യോഗം
തിരുവനന്തപുരം: എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്. ദേശീയ നേതൃത്വം എൻഡിഎ സഖ്യത്തിൽ ചേരുന്ന സാഹചര്യത്തിൽ ഭാവി നിലപാട് തീരുമാനിക്കാൻ അടുത്ത മാസം ഏഴിന് സംസ്ഥാന കമ്മിറ്റി എറണാകുളത്ത് യോഗം ചേരും.
ദേശീയ നേതൃത്വത്തിൻെറ നിലപാടിനോട് ഒരു തരത്തിലും യോജിക്കാനാവില്ല. എൻഡിഎയെയും കോൺഗ്രസിനെയും ഒരുപോലെ എതിർക്കുക എന്നതാണ് പാർട്ടി ലൈനെന്ന് കഴിഞ്ഞ നവംബറിൽ ബെംഗളൂരുവിൽ ചേർന്ന നാഷണൽ പ്ലീനം നിലപാട് എടുത്തത് ആണ്. പ്രമേയം അവതരിപ്പിച്ചത് താനാണ്. ഒരു വർഷം തികയും മുൻപേ ആണ് ദേശീയ നേതൃത്വം നിലപാട് മാറ്റുന്നതെന്നും മാത്യു ടി തോമസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
മുൻപും സമാന പ്രതിസന്ധി ജെഡിഎസ് നേരിട്ടതാണ്. 2006ൽ ബിജെപിയുമായി ചേർന്ന് കർണാടകയിൽ സർക്കാർ ഉണ്ടാക്കിയ ജെഡിഎസ് 2007 ഒക്ടോബറിൽ തമ്മിൽ തെറ്റുന്നത് വരെ ഭരിച്ചു. ഈ കാലയളവിൽ കർണാടക ജെഡിഎസുമായി ബന്ധമില്ല എന്ന് പ്രഖ്യാപിച്ചാണ് കേരളത്തിലെ ജെഡിഎസ് ഇടതു മുന്നണിയിൽ തുടർന്നത്. പുതിയ സാഹചര്യത്തിലും ഇടത് ബന്ധത്തിന് ഉലച്ചിൽ തട്ടാതെ പോകാൻ കരുതലോടെ ആണ് നേതൃത്വത്തിൻ്റെ പ്രതികരണം. വിഎസ് അച്യുതാനന്ദനുമായി അടുപ്പത്തിലായിരുന്ന എംപി വീരേന്ദ്രകുമാർ, സിപിഎമ്മിലെ ഔദ്യോഗിക പക്ഷവുമായി തെറ്റിയ കാലത്തൊഴികെ എല്ലായ്പോഴും ഇടതുമുന്നണിയുടെ വിശ്വസ്ത സഖ്യകക്ഷി എന്ന പരിവേഷത്തിലാണ് ജെഡിഎസ് തുടരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here