‘ലൗലി’യിൽ നായകനായി മാത്യു തോമസ്
കുമ്പളങ്ങി നൈറ്റ്സ്, തണ്ണീർമത്തൻ ദിനങ്ങൾ, ജോ ആന്റ് ജോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവപ്രതിഭ മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലൗലി’യുടെ പോസ്റ്റർ പുറത്തിറങ്ങി. ഒരു കൂറ്റൻ ഈച്ചയ്ക്ക് മുൻപിൽ മാത്യു തോമസ് നിൽക്കുന്നതാണ് പോസ്റ്റർ. ആഷിക് അബുവാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.
ഒരു ഈച്ചയും ആൺകുട്ടിയുമായുള്ള സൗഹൃദമാണ് സിനിമയിൽ പറയുന്നത്.
2012-ൽ തെലുങ്കിൽ രാജമൗലി സംവിധാനം ചെയ്ത ‘ഈഗ’ എന്ന സിനിമയുമായി മലയാളത്തിൽ ചിത്രീകരിക്കുന്ന ‘ലൗലി’യുടെ പോസ്റ്ററിനും കഥയ്ക്കും സാമ്യമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ‘ഈഗ’യിൽ സാമന്തയും നാനിയുമാണ് അഭിനയിച്ചിട്ടുള്ളത്. എം എം കീരവാണിയാണ് സംഗീതം. 40 കോടി ബജറ്റിൽ വാരാഹി ചലനയാണ് ചിത്രം നിർമ്മിച്ചത്.
രാജമൗലിയുടെ സിനിമയിൽ നായകനാണ് ഈച്ചയായി മാറുന്നതെങ്കിൽ ഇവിടെ ഈച്ചയാവുന്നത് പെൺകുട്ടിയാണ്. ആരാണ് ചിത്രത്തിലെ നായിക എന്ന കാര്യത്തിൽ വ്യക്തതയില്ല. ഉണ്ണിമായയാണ് ഈച്ചയ്ക്ക് ശബ്ദം നൽകിയിട്ടുള്ളത്.
ഫാന്റസി ഫിലിം പശ്ചാത്തലം ഉള്ള ഒരു സ്റ്റോറി ആണിത്. വെസ്റ്റേൺ ഘട്ട് പ്രൊഡക്ഷൻസ് എൽഎൽപി, നെനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മനോജ് കെ ജയൻ, കെപിഎസി ലീല, അശ്വതി മനോഹരൻ, പ്രശാന്ത് മുരളി, ഗംഗ മീര എന്നിവരും ‘ലൗലി’യിൽ അഭിനയിക്കുന്നുണ്ട്.
പ്രവചനാതീതമായ കാലാവസ്ഥ കാരണം ഷൂട്ടിംഗ് ഷെഡ്യൂളുകൾ മാറ്റേണ്ടി വന്നതിനാൽ നിർമ്മാണ ചെലവ് വർദ്ധിച്ചതായി സംവിധായകൻ ദിലീഷ് പറഞ്ഞു. വാഗമൺ, എറണാകുളം, തൊടുപുഴ എന്നീ സ്ഥലങ്ങളിലായാണ് പിന്നീട് പല ഷോട്ടുകളും ചിത്രീകരിച്ചത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here