മാതൃഭൂമി ഡല്‍ഹി എഡിഷന്‍ അവസാനിപ്പിക്കുന്നു; പ്രചാരം കുത്തനെ ഇടിഞ്ഞു; നവംബര്‍ ഒന്ന് മുതല്‍ 18 എഡിഷനുകള്‍ മാത്രം

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: മാതൃഭൂമി ദിനപത്രം ഡല്‍ഹി എഡിഷന്‍ അവസാനിപ്പിക്കുന്നു. സര്‍ക്കുലേഷന്‍ കുത്തനെ കുറഞ്ഞതാണ് കടുത്ത തീരുമാനം എടുക്കാന്‍ കാരണം. ആയിരത്തില്‍ താഴെ കോപ്പി മാത്രമാണ് ഡല്‍ഹിയില്‍ നിന്നും അച്ചടിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ഒരു രീതിയിലും മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ തന്നെ ഡല്‍ഹി എഡിഷന്‍ അവസാനിപ്പിക്കാനുള്ള തീരുമാനം അണിയറയില്‍ ഒരുങ്ങിയിരുന്നു.

വായനക്കാരുടെ കുറവും പത്രക്കടലാസിന്റെ ലഭ്യതക്കുറവും മറ്റ് പത്രങ്ങളെ എന്നതുപോലെ മാതൃഭൂമിയേയും തുറിച്ച് നോക്കുന്നുണ്ട്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ പത്രത്തിന്റെ എഡിഷന്‍ വിവരങ്ങളില്‍ നിന്നും ന്യൂഡല്‍ഹി എന്ന പേര് അപ്രത്യക്ഷമാകും.

തിരുവനന്തപുരം മുതല്‍ ഗള്‍ഫ് വരെ 19 എഡിഷനുകളാണ് മാതൃഭൂമിക്ക് ഉള്ളത്. നവംബര്‍ ഒന്ന് മുതല്‍ അത് 18 എഡിഷനുകളായി കുറയും. എഡിഷന്‍ ഒഴിവാക്കുമെങ്കിലും ഡല്‍ഹി ബ്യൂറോയും മറ്റ് സംവിധാനങ്ങളും തുടരും. മുത്തശ്ശി പത്രമായ മാതൃഭൂമിയെ സ്നേഹിക്കുന്നവരെ സംബന്ധിച്ച് അമ്പരപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ തീരുമാനമാണിത്.

കേരളത്തിലുള്ളതുപോലെ വായനക്കാരിലേക്ക് പത്രം എത്തിക്കാന്‍ ഡല്‍ഹിയില്‍ സംവിധാനമില്ല. പുതുതലമുറയിലുള്ളവര്‍ പത്രം അന്വേഷിച്ച് വാങ്ങി വായിക്കുന്നുമില്ല. ഇ പേപ്പര്‍ നെറ്റില്‍ ഉള്ളതിനാല്‍ ആവശ്യക്കാര്‍ക്ക് വായിക്കാന്‍ കഴിയും. ഇതൊക്കെ വിശകലനം ചെയ്താണ് അന്തിമ തീരുമാനം പത്രത്തിന്റെ ഭാഗത്ത് നിന്നും വന്നത്.

കോവിഡ് അടക്കമുള്ള പ്രതിസന്ധിയെ തുടര്‍ന്ന് പത്രങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ സൂചകമാണ് ഡല്‍ഹി എഡിഷന്‍ അവസാനിപ്പിക്കാനുള്ള മാതൃഭൂമിയുടെ തീരുമാനം. മറ്റ് പത്രങ്ങളും ഇതേ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. എഡിഷനുകള്‍ കുറയ്ക്കാനും ഡിജിറ്റല്‍ എഡിഷനുകളിലേക്ക് മാറാനും പത്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാണ്. മാതൃഭൂമി കാണിച്ച വഴിയേ മറ്റുള്ളവരും നീങ്ങുമെന്നാണ് സൂചന. നഷ്ടം സഹിച്ചും അഭിമാനത്തിന്റെ പ്രതീകമായി എഡിഷനുകള്‍ നിലനിര്‍ത്തില്ലെന്ന തീരുമാനമാണ് മാതൃഭൂമിക്കുള്ളില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top