അറിയിപ്പില്ലാതെ മാതൃഭൂമി ഡൽഹി എഡിഷൻ നിർത്തി; കാരണം സർക്കുലേഷൻ ഇടിവ്

ഡല്‍ഹി : മാതൃഭൂമി ദിനപത്രം ഡല്‍ഹി എഡിഷന്‍ അവസാനിപ്പിച്ചു. സര്‍ക്കുലേഷന്‍ കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റ് കടുത്ത തീരുമാനം എടുത്തിരിക്കുന്നത്. വായനക്കാര്‍ക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും നല്‍കാതെയാണ് എഡിഷന്‍ അവസാനിപ്പിച്ചിരിക്കുന്നത്. ആയിരത്തില്‍ താഴെ മാത്രമാണ് ഡല്‍ഹിയില്‍ നിന്നും അച്ചടിച്ചിരുന്നത്. ഒരു രീതിയിലും മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ വന്നതിനാലാണ് 2007ൽ തുടങ്ങിയ എഡിഷന്‍ അവസാനിപ്പിക്കുന്നത്. പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങിന് ആദ്യ കോപ്പി നൽകി എം.പി. വിരേന്ദ്രകുമാർ ആണ് ഡൽഹി എഡിഷന് തുടക്കം കുറിച്ചത്.

ഇന്നലെ വരെ പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍, കോട്ടയം, മലപ്പുറം, കൊല്ലം, പാലക്കാട്, ആലപ്പുഴ, മുബൈ, ചെന്നൈ, ബംഗലൂരൂ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങില്‍ നിന്നും എഡിഷന്‍ എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തില്‍ ഡല്‍ഹി ഒഴിവാക്കിയിട്ടുണ്ട്. എഡിഷന്‍ ഒഴിവാക്കുമെങ്കിലും ഡല്‍ഹി ബ്യൂറോയും മറ്റ് സംവിധാനങ്ങളും തുടരും. മുത്തശ്ശി പത്രമായ മാതൃഭൂമിയെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ച് അമ്പരപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ തീരുമാനമാണിത്.

വായനക്കാരുടെ കുറവും പത്രക്കടലാസിന്റെ ലഭ്യതക്കുറവും മറ്റ് പത്രങ്ങളെ എന്നതുപോലെ മാതൃഭൂമിയേയും ബാധിക്കുന്നുണ്ട്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ പത്രത്തിന്റെ എഡിഷന്‍ വിവരങ്ങളില്‍ നിന്നും ഡല്‍ഹി എന്ന പേര് അപ്രത്യക്ഷമാകുമെന്ന് മാധ്യമ സിന്‍ഡിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തിലുള്ളതുപോലെ വായനക്കാരിലേക്ക് പത്രം എത്തിക്കാന്‍ ഡല്‍ഹിയില്‍ സംവിധാനമില്ല. പുതുതലമുറയിലുള്ളവര്‍ പത്രം അന്വേഷിച്ച് വാങ്ങി വായിക്കുന്നുമില്ല. ഇ പേപ്പര്‍ നെറ്റില്‍ ഉള്ളതിനാല്‍ ആവശ്യക്കാര്‍ക്ക് വായിക്കാന്‍ കഴിയും. ഇതൊക്കെ വിശകലനം ചെയ്താണ് തീരുമാനം. മറ്റ് പത്രങ്ങളും ഇതേ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. പത്ത് ലക്ഷം മലയാളികള്‍ ഡല്‍ഹിയിലുണ്ടെങ്കിലും മാതൃഭൂമിക്ക് ഏകദേശം ആയിരത്തില്‍ താഴേയും മലയാള മനോരമയ്ക്ക് ഏഴായിരത്തിയഞ്ഞൂറോളവും വരിക്കാരാണുള്ളത്. മാതൃഭൂമി കാണിച്ച വഴിയേ മറ്റുള്ളവരും നീങ്ങുമെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top