കല്യാണആൽബം മുക്കി, ഫോട്ടോയെടുത്ത കമ്പനിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃകമ്മിഷന്‍

കൊച്ചി: വിവാഹ ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ശേഷം ആല്‍ബം നല്‍കാതെ കബളിപ്പിച്ച ഫോട്ടോഗ്രഫി കമ്പനിക്കെതിരെ നടപടി. ആലങ്ങാട് സ്വദേശിയായ അരുണ്‍.ജി.നായരുടെ പരാതിയിലാണ് മാട്രിമോണി ഡോട്ട് കോം എന്ന കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്‍ വിധിച്ചത്. ഒരു ലക്ഷത്തി പതിനെട്ടായിരം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്.

2017 ഏപ്രിലില്‍ നടന്ന വിവാഹത്തിന്റെ, തലേദിവസവും വിവാഹദിവസവും നടന്ന ചടങ്ങുകളുടെ ഫോട്ടോയും വീഡിയോയും എടുക്കാനാണ് അരുണ്‍ എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെ സമീപിച്ചത്. 58,500 രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആൽബവും വീഡിയോയും നല്‍കാത്ത സാഹചര്യത്തിലാണ് തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. കമ്മിഷന്‍ നോട്ടീസ് അയച്ചിട്ടും കമ്പനിയില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്ന് ഉത്തരവില്‍ പറയുന്നു. ജീവിതത്തിലെ ഏറ്റവും പവിത്രവും പ്രാധാന്യമുള്ളതുമായ വിവാഹ ചടങ്ങ് പകർത്തുന്നതിനാണ് ഫോട്ടോഗ്രഫി കമ്പനിയെ പരാതിക്കാർ സമീപിച്ചതെന്നും എന്നാൽ വാഗ്ദാന ലംഘനമുണ്ടായപ്പോൾ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടായെന്നും ഡി.ബി. ബിനു അധ്യക്ഷനായ കമ്മിഷന്‍ നിരീക്ഷിച്ചു.

ഫോട്ടോഗ്രഫി സേവനങ്ങൾക്കായി അരുണ്‍ നൽകിയ 58,500 രൂപയും സേവനം നൽകാത്തതിൻ്റെ പേരിലുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമത്തിനും പരിഹാരമായി 50,000 രൂപയും കേസിൻ്റെ ചിലവ് കണക്കാക്കി 10,000 രൂപയും നല്‍കാനാണ് ഉത്തരവ്. 30 ദിവസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ 2018ൽ പരാതി നൽകിയ ദിവസം മുതലുള്ള കാലയളവ് കണക്കാക്കി ഒൻപത് ശതമാനം പലിശ സഹിതം തുക നൽകേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top