വിവാഹസൽക്കാര വീഡിയോ നൽകിയില്ല, ഫോട്ടോയെടുത്ത കമ്പനിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃകോടതി ; മാട്രിമോണി ഡോട്ട് കോമിനെതിരെ നടപടി രണ്ടാംവട്ടം
കൊച്ചി: വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാമെന്ന കരാറിൽ പണം മുഴുവൻ കൈപ്പറ്റിയ ശേഷം ആൽബം നൽകാതെ കബളിപ്പിച്ച ഫോട്ടോഗ്രാഫി കമ്പനിക്കെതിരെ നടപടി. ആലപ്പുഴ അരൂർ സ്വദേശികളായ രതീഷ്.ബി, ധനീഷ്.ബി എന്നിവർ സമർപ്പിച്ച പരാതിയിലാണ് മാട്രിമോണി ഡോട്ട് കോം എന്ന കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്‍ വിധിച്ചത്. ഒരു ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. സമാനമായ കേസിൽ ഇക്കഴിഞ്ഞ ഡിസംബറിലും മാട്രിമോണി ഡോട്ട് കോം കമ്പനിക്ക് എതിരെ കമ്മിഷൻ നടപടി എടുത്തിരുന്നു.
2017 ആഗസ്റ്റിൽ നടന്ന വിവാഹത്തിന്റെ വിരുന്നിൻ്റെ ഫോട്ടോയും വീഡിയോയും എടുക്കാനാണ് എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെ സമീപിച്ചത്. 40,000 രൂപ നൽകുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ വീഡിയോ ആൽബം നൽകാമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആൽബം നൽകിയില്ല. ചില സാങ്കേതിക കാരണങ്ങളാൽ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞില്ലെന്നാണ് പിന്നീട് കമ്പനി അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കംകുറിച്ച നവദമ്പതികളുടെ ചിരിയും കണ്ണീരും സ്നേഹവും കലർന്ന അനുഭവങ്ങൾ പകർത്താനാണ് കമ്പനിയെ സമീപിച്ചതെന്നും അകാലത്തിൽ വേർപിരിഞ്ഞ അടുത്ത ബന്ധുവിന്റെ സാമീപ്യവും കൂടി ഉൾക്കൊണ്ട ആ ദൃശ്യങ്ങളുടെ നഷ്ടം ഏറെ സങ്കടകരമാണെന്നും പണം കൊണ്ട് നികത്താൻ കഴിയില്ലെന്നും ഡി.ബി. ബിനു അധ്യക്ഷനായ കമ്മിഷന്‍ നിരീക്ഷിച്ചു.
വിവാഹ വീഡിയോ ആൽബത്തിനായി പരാതിക്കാർ നൽകിയ 40,000 രൂപയും സേവനം നൽകാത്തതിൻ്റെ പേരിലുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമത്തിനും പരിഹാരമായി ഒരു ലക്ഷം രൂപയും കേസിൻ്റെ ചിലവ് കണക്കാക്കി 20,000 രൂപയും നല്‍കാനാണ് ഉത്തരവ്. 30 ദിവസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ 2018ൽ പരാതി നൽകിയ ദിവസം മുതലുള്ള കാലയളവ് കണക്കാക്കി ഒൻപത് ശതമാനം പലിശ സഹിതം തുക നൽകേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here