‘ഫ്രണ്ട്സ്’ താരം മാത്യു പെറിയുടെ മരണം കെറ്റമിന്റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട്
ലോകപ്രശസ്ത സിറ്റ്‌കോം ഫ്രണ്ട്സിലെ താരമായിരുന്ന മാത്യു പെറിയുടെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹാലുസിനേഷൻ ഇഫക്റ്റ് നൽകുന്ന ലഹരി മരുന്നായ കെറ്റമിന്റെ അമിത ഉപയോഗമാണ് മാത്യു പെറിയുടെ മരണകാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെറ്റമിൻ അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി പോകുകയായിരുന്നു പെറി.
അനസ്തെറ്റിക് ആയി ഡോക്ടർമാർ നൽകുന്ന കെറ്റമിൻ വിഷാദരോഗത്തിനും വേദനസംഹാരിയായും ഉപയോഗിക്കാറുണ്ട്. ദീർഘകാലം മദ്യത്തിന് അടിമയായിരുന്ന പെറി, സമീപ വർഷങ്ങളിൽ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നു. വിഷാദവും ഉത്കണ്ഠയും അദ്ദേഹത്തെ അലട്ടിയിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
മാത്യു പെറിയെ ഒക്ടോബർ 29ന് ലോസാഞ്ചലസിലെ സ്വന്തം വസതിയിൽ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 54 വയസ്സായിരുന്നു പ്രായം. പെറിയെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
1994 മുതൽ 2004 വരെ സംപ്രേഷണം ചെയ്ത ‘ഫ്രണ്ട്സ്’ സീരീസിലെ ചാന്‍ഡ്ലര്‍ ബിങ് എന്ന കഥാപാത്രമാണ് മാത്യു പെറിയെ ജനപ്രിയനാക്കിയത്. എൻബിസിയുടെ സൂപ്പർഹിറ്റ് കോമഡി പരമ്പരയായിരുന്ന ഫ്രണ്ട്സിന് 10 സീസണുകൾ ഉണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here