ടിക്കറ്റില്ലാ യാത്ര ചോദ്യം ചെയ്ത ടിടിഇക്ക് ക്രൂരമര്‍ദനം; പരുക്കേറ്റ വിക്രംകുമാര്‍ മീണ ചികിത്സയില്‍; അക്രമി കരമന സ്വദേശി സ്റ്റാലിന്‍ അറസ്റ്റില്‍
കോഴിക്കോട്: ട്രെയിനില്‍ ടിടിഇയ്ക്ക് വീണ്ടും അതിക്രമം. രാജസ്ഥാന്‍ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ ക്രൂരമര്‍ദനമേറ്റത്. മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് തിരൂരില്‍ എത്തിയപ്പോഴാണ് സംഭവം. ടിടിഇയെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്.സ്റ്റാലിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ ടിടിഇയെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായത്. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് ടിടിഇ പറയുന്നത്. ജനറല്‍ കോച്ചിലേക്ക് മാറാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. പിന്നാലെയാണ് യാത്രക്കാരന്‍ ആക്രമണം നടത്തിയത്. കൈകൊണ്ട് തടഞ്ഞുനിര്‍ത്തിയ ശേഷം മൂക്കിനിടിച്ചെന്നാണ് ടിടിഇയുടെ പരാതിയില്‍ പറയുന്നത്. മര്‍ദനമേറ്റ് ചോരയൊലിച്ച് നില്‍ക്കുന്ന ടിടിഇയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ടിക്കറ്റ് ചോദിച്ചതിന് ഇതര സംസ്ഥാന തൊഴിലാളി ടിടിഇയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നത് കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ്. എറണാകുളം പട്ന എക്സ്പ്രസ് തൃശൂരില്‍ എത്തിയപ്പോഴാണ് ടിടിഇ വിനോദിന് നേരെ ആക്രമണം നടന്നത്. ഈ സംഭവം കേരളത്തെ നടുക്കിയിരുന്നു. അതിനു ശേഷം ഏപ്രില്‍ നാലിന് വീണ്ടും മറ്റൊരു ടിടിഇയ്ക്ക് നേരെ ആക്രമണം നടന്നു. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ചാണ് ടിടിഇക്ക് നേരെ ആക്രമണം നടന്നത്. ടിക്കറ്റ് എടുക്കാതെ കയറിയ ഭിക്ഷക്കാരന്‍റെ ആക്രമണത്തില്‍ കണ്ണിനാണ് ടിടിഇക്ക് പരുക്കേറ്റത്. അക്രമി പുറത്തുചാടി രക്ഷപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here