സഹകരണബാങ്കിൽ ഇ.ഡി. കണ്ടുകെട്ടിയതിൽ ഐപിഎസുകാരൻ്റെ അക്കൗണ്ടും; വ്യാജ അക്കൗണ്ടെന്ന് ഡിജിപിക്ക് പരാതി നൽകി ഉദ്യോഗസ്ഥൻ
കേരളത്തിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളിൽ പലതിലും എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ അന്വേഷണം നടക്കുകയാണ്. പോലീസും ക്രൈംബ്രാഞ്ചും ഒക്കെ പ്രാഥമികമായി അന്വേഷണം നടത്തിയ കേസുകളിലാണ് കള്ളപ്പണ നിക്ഷേപവും ക്രമക്കേടുകളും കണ്ടെത്തി ഇഡി രംഗപ്രവേശം ചെയ്തത്. തൃശൂർ കരുവന്നൂർ അടക്കം സിപിഎം ഭരിക്കുന്ന ബാങ്കുകളിലെ നിക്ഷേപകരുടെ പരാതികളിൽ ഭരണസമിതി അംഗങ്ങൾ പലരും പ്രതിക്കൂട്ടിൽ ആണ്. ഇവരിൽ പലരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. കരുവന്നൂർ ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് അടക്കം കണ്ടുകെട്ടിയിട്ടുണ്ട്.
ഏതാണ്ട് ഇതേ മാതൃകയിലാണ് മാവേലിക്കര താലൂക്ക് സഹകരണ സംഘത്തിലും ഇ.ഡി. അന്വേഷണം തുടങ്ങിയത്. ആദ്യഘട്ടത്തിൽ തന്നെ 60 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ തഴക്കര ശാഖയിലെ മുഴുവൻ അക്കൗണ്ടുകളും മരവിപ്പിച്ചു. ഇതിലാണ് പോലീസ് ഉന്നതൻ്റെ പേരിലുള്ള അക്കൗണ്ട് ഉള്ളത്. ഇതിൽ 8,28,000 രൂപയുമുണ്ട്. എന്നാൽ അക്കൗണ്ട് താൻ തുടങ്ങിയതല്ലെന്നും ഇതിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നുമാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ എസ്പി പറയുന്നത്. തന്നെ കുടുക്കുമെന്ന് ബാങ്കുമായി ബന്ധപ്പെട്ട ചിലർ ഭീഷണിപ്പെടുത്തിയിരുന്നു. അവരുടെ ഗൂഢാലോചന അന്വേഷിക്കണം എന്നാണ് പരാതിയിലെ ആവശ്യം.
2016ലെ കോൺഗ്രസ് ഭരണസമിതിയുടെ കാലത്താണ് ക്രമക്കേടുകൾ പുറത്തുവരാൻ തുടങ്ങിയത്. ഇതിൽ ആദ്യം ലോക്കൽ പോലീസും പിന്നീട് 2017ൽ ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. 2021ലാണ് ഇ.ഡി. രംഗത്തെത്തിയത്. എന്നാൽ എസ്പിയുടെ അക്കൗണ്ടിനെ സംബന്ധിച്ച് ഇ.ഡി. ഇതുവരെ ആക്ഷേപമൊന്നും ഉന്നയിച്ചിട്ടില്ല എന്നിരിക്കെയാണ് എസ്പി തന്നെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. അടുത്തയിടെ ഐപിഎസ് കൺഫർ ചെയ്തുകിട്ടിയതിന് പിന്നാലെയാണ് പരാതിയുമായി ഡിജിപിയെ സമീപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അക്കൗണ്ടുകൾ മരവിപ്പിച്ച ഘട്ടത്തിലൊന്നും പരാതി ഉന്നയിച്ചതായി വിവരമില്ല.
2014ൽ ഡിവൈഎസ്പി ആയിരിക്കെ ഇതേ ഉദ്യോഗസ്ഥനെതിരെ ജനകീയ സമിതി എന്ന സംഘടന വിജിലൻസിൽ പരാതി നൽകിയിരുന്നു. ഇതിലും ഗൂഢാലോചന ആരോപിക്കുന്നുണ്ട്. ഡിജിപി ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ഇദ്ദേഹം അടക്കം നാല് ഡിവൈഎസ്പിമാരുടെ വീടുകളിൽ ഒരേസമയം വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ സസ്പെൻഷനും ഉണ്ടായി. വിരമിച്ചെങ്കിലും ഐപിഎസ് കിട്ടി തിരിച്ചെത്തിയ എസ്.ദേവമനോഹർ നിലവിൽ ഐസിടി (Information Communication And Technology) എസ്പിയാണ്. 2026 മെയ് മാസം വരെ ഇദ്ദേഹത്തിന് സർവീസുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- ADGP Manoj Abraham
- CM Pinarayi Vijayan
- Complaint to DGP
- CPM
- Dgp darvesh sahib
- DGP kerala
- ed investigation
- Enforcement Directorate
- Fake account
- Indian police service
- ips
- IPS association Kerala
- Kerala
- Kerala Police
- Mavelikkara taluk cooperative society
- Pinarayi Vijayan
- S devamanohar
- Sheikh Darvesh Saheb
- Sp devamanohar
- sp ICT Kerala Police