ഇന്ന് മേയ് ദിനം; വീണ്ടും ഓര്‍മിക്കപ്പെടുന്നത് തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും
തിരുവനന്തപുരം: തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമിപ്പിച്ച് വീണ്ടും ഒരു മേയ് ദിനം. തൊഴിൽ സമയം എട്ടു മണിക്കൂറായി അംഗീകരിച്ചതിനെ തുടർന്ന് അതിന്റെ സ്മരണക്കായാണ് മെയ് ഒന്ന് ആഘോഷിക്കുന്നത്. തൊഴിലാളി ഐക്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന ദിനം കൂടിയാണിത്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയാണ്. അവകാശങ്ങള്‍ക്കു വേണ്ടിയും തൊഴിലിലെ സുരക്ഷിതത്വത്തിന് വേണ്ടിയും തൊഴിലാളികളുടെ പോരാട്ടം തുടരുമെന്ന് ഓരോ മേയ് ദിനവും ഓര്‍മ്മിപ്പിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മേയ് ദിന ആശംസകള്‍ നേര്‍ന്നു. തൊഴിലവകാശങ്ങള്‍ക്കായി ലോകമെങ്ങും അലയടിച്ചുയര്‍ന്ന സമര പ്രസ്ഥാനങ്ങളുടെ പ്രോജ്വല സ്മരണ പുതുക്കാനുള്ള അവസരമാണ് മെയ് ദിനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ യത്നിക്കുന്ന എല്ലാവര്‍ക്കും മേയ് ദിന ആശംസകള്‍ നേരുന്നു. തൊഴില്‍നൈപുണ്യം മെച്ചപ്പെടുത്തി മുന്നേറാനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെ”. – ഗവര്‍ണർ സന്ദേശത്തിൽ പറഞ്ഞു.
പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലും കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിവസം കണക്കാക്കിയിരുന്നത്.
1889 ൽ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും കൂട്ടായ്മയാണ് മെയ് 1 ന് തൊഴിലാളി ദിനമായി നിശ്ചയിച്ചത്. 1886 ൽ ചിക്കാഗോയിൽ നടന്ന ഹെയ്‌മാർക്കറ്റ് ലഹളയുടെ ഓർമയും ഈ ദിനത്തിന്റെ ഭാഗമാണ്. തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ ആരോ പോലീസിന് നേരെ ബോംബ് എറിഞ്ഞു. റാലിയിൽ വലിയ സംഘർഷമുണ്ടാകുകയും പോലീസും തൊഴിലാളികളും തമ്മിൽ വലിയ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു. അന്ന് നടന്ന ആക്രമണത്തിൽ നിരവധി പേർ മരിച്ചു. തൊഴിലാളികള്‍ക്ക് നേരെ പോലീസ് നടപടിയും വന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here