വീടിന് പുറത്തിറങ്ങാനാവാതെ ഹാസനിലെ അതിജീവിതമാര്‍; നാടുവിട്ട് പോയവർ നിരവധി; ദേവഗൗഡ കുടുംബത്തില്‍ നിന്നും സമാനതകളില്ലാത്ത ദുരന്തം ഏറ്റുവാങ്ങി നിസ്സഹായര്‍

ഹാസന്‍ (കര്‍ണാടക) : ജനതാദള്‍ എസ് (ജെഡിഎസ്) നേതാവ് പ്രജ്വല്‍ രേവണ്ണ ലൈംഗികമായി പീഡിപ്പിച്ച സ്ത്രീകളുടെ ദൃശ്യങ്ങള്‍ പുറത്തായതോടെ, ജീവിതം ദുസ്സഹമായി നൂറ് കണക്കിന് ഇരകള്‍. ഹാസന്‍ മണ്ഡലത്തിലെ ലോക്‌സഭാംഗവും നിലവില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയുമാണ് പ്രജ്വല്‍ രേവണ്ണ. ഹാസനിലെ വിവിധ ഗ്രാമങ്ങളില്‍പ്പെട്ടവരാണ് ഇരകളില്‍ ബഹുഭൂരിപക്ഷവും. കഴിഞ്ഞ 10 ദിവസമായി ഇവരില്‍ പലരും നാടുവിടുകയാണ്. മറ്റുള്ളവര്‍ പുറത്തിറങ്ങാനാവാതെ ഒളിവിലാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. ലൈംഗിക ദൃശ്യങ്ങളിലെ മിക്ക സ്ത്രീകളേയും തിരിച്ചറിഞ്ഞതോടെ നാണക്കേട് നിമിത്തം നിസ്സഹായരായ സ്ത്രീകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്.

നാട്ടുരാജാക്കന്മാരെപ്പോലെ ഹാസനില്‍ വാഴുന്നവരാണ് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൂടുംബം. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. ഇയാളുടെ പിതാവ് രേവണ്ണയും പീഡനക്കേസില്‍ പ്രതിയായി ഇപ്പോള്‍ റിമാന്‍ഡിലാണ്. രേവണ്ണ ഹോലനാര്‍സിപൂരിലെ എംഎല്‍എയാണ്. ഹാസന്‍ ജില്ല ഭരിക്കുന്നത് രേവണ്ണയും അയാളുടെ ഗുണ്ടാസംഘങ്ങളുമാണ്. അതുകൊണ്ട് അയാള്‍ക്കെതിരെ സംസാരിക്കാനോ മൊഴി കൊടുക്കാനോ ഗ്രാമവാസികളാരും തയ്യാറല്ല. ഇദ്ദേഹത്തിന്റെ ആജ്ഞകളെ ധിക്കരിക്കാന്‍ ഒരുമാതിരിപ്പെട്ടവരാരും ധൈര്യപ്പെടാറുമില്ല. മാധ്യമപ്രവര്‍ത്തകരോട് മിണ്ടിപ്പോവരുതെന്നാണ് രേവണ്ണയുടെ ശിങ്കിടികളുടെ തിട്ടൂരം.

പ്രജ്വലിനെതിരെ കേസുകൊടുത്ത മുന്‍ ജില്ലാപഞ്ചായത്ത് അംഗത്തേപ്പോലും കഴിഞ്ഞ കുറെ ദിവസമായി കാണാനില്ലെന്ന് അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. തോക്ക് ചൂണ്ടി പ്രജ്വല്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു ജെഡിഎസ് പ്രാദേശിക നേതാവായ ഇവരുടെ പരാതി. മൂന്ന് വര്‍ഷം തുടര്‍ച്ചയായി പീഡനത്തിന് ഇരയായി എന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞത്. പൊലീസില്‍ മൊഴി നല്‍കിയ ശേഷം പിന്നീടാരും ഇവരെ കണ്ടിട്ടില്ല. മറ്റ് കുടുംബാംഗങ്ങളേയും കാണാനില്ലെന്ന് അയല്‍ക്കാര്‍ ചില സന്നദ്ധ സംഘടന പ്രതിനിധികളോട് വെളിപ്പെടുത്തി. ലൈംഗിക വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മിക്ക സ്ത്രീകളും നാടുവിട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകള്‍.

ഹാസനിലെ രേവണ്ണ കുടുംബത്തിന്റെ ഫാം ഹൗസിലാണ് മിക്ക സ്ത്രീകളേയും ദുരുപയോഗം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂറ്റന്‍ മതില്‍ക്കെട്ടിനകത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിനുള്ളില്‍ എന്ത് നടക്കുന്നുവെന്നു പോലും തൊഴിലാളികളും ചെറുകിട കൃഷിക്കാരുമായ ഗ്രാമവാസികള്‍ക്ക് അറിയില്ല. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വീഡിയോ ക്ലിപ്പിന്റെ കഥകള്‍ ഹാസനിലും പരിസരങ്ങളിലും പ്രചരിച്ചിരുന്നെങ്കിലും ഇത്രമേല്‍ ഭീകരമാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരോട് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബംഗലൂരു സിവില്‍ കോടതിയില്‍ നിന്ന് പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ കൈമാറുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ഒരു ഉത്തരവ് പ്രജ്വല്‍ നേടിയിരുന്നു.

രേവണ്ണയുടെ ഫാം ഹൗസില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം രക്ഷപ്പെടുത്തിയ അതിജീവിതയുടെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. രേവണ്ണയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു അതിജീവിത. ഇവരുടെ മകന്‍ കൊടുത്ത പരാതിയിലാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. എന്റെ അമ്മയെ ലോകം മുഴുവന്‍ കണ്ടു കഴിഞ്ഞു. ഞങ്ങളനുഭവിക്കുന്ന മാനസിക പീഡനവും സമ്മര്‍ദ്ദങ്ങളും ഭീഷണിയും പറഞ്ഞറിയിക്കാനാവാത്ത വിധം ഭീകരമാണെന്ന് മകനെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അച്ഛന്റേയും മകന്റേയും ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയാണ് 47 കാരിയായ അതിജീവിത.

കഴിഞ്ഞ മാസം 26ന് നടന്ന പോളിംഗിന്റെ പിറ്റേന്ന് വിദേശത്തേക്ക് കടന്ന പ്രജ്വലിനെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 300 ലധികം സ്ത്രീകളെ ചൂഷണം ചെയ്ത് 2976 ലൈംഗിക ദൃശ്യങ്ങള്‍ നാടാകെ പ്രചരിച്ചു കഴിഞ്ഞു. ഈ ദൃശ്യങ്ങളില്‍ കാണുന്ന സ്ത്രീകള്‍ സമാനതകളില്ലാത്തവിധം ഭീഷണി നേരിടുകയാണ്. കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക ഹെല്‍പ് ലൈനുകള്‍ സ്ഥാപിച്ച് ഇരകളെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും മിക്കവരും വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top