തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി തടഞ്ഞ് മേയറും സംഘവും; കാറിന് സൈഡ് കൊടുത്തില്ലെന്ന് പരാതി; കേസെടുത്ത് പോലീസ്, ഡ്രൈവറുടെ പരാതി പരിശോധനയിൽ
തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിൽ കെഎസ്ആര്ടിസി ബസ് തടഞ്ഞു മേയറും സംഘവും. വാഹനത്തിന് കടന്നുപോകാൻ സൈഡ് കൊടുത്തില്ല എന്നതിൻ്റെ പേരിലായിരുന്നു തർക്കം. മേയർ ആര്യാ രാജേന്ദ്രൻ്റെ പരാതിയിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ ഡ്രൈവർ നൽകിയ പരാതിയും കേസെടുക്കാൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന നിലപാടിലാണ് പോലീസ്.
ഇന്നലെ രാത്രിയിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മേയർ സഞ്ചരിച്ച സ്വകാര്യ കാറിനെ കടന്നുപോകാൻ അനുവദിക്കാതെ പട്ടം മുതൽ കെഎസ്ആർടിസി വഴിമുടക്കി എന്നാണ് ആരോപണം. പാളയത്ത് എത്തിയപ്പോൾ ബസിന് മുന്നിൽ കയറി കാർ കുറുകെ നിർത്തി മേയറും സംഘവും പുറത്തിറങ്ങി ഡ്രൈവറോട് കയർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തർക്കം ഫോണിൽ റെക്കോർഡ് ചെയ്തതിൻ്റെ പേരിൽ ബസിനുള്ളിൽ ഉണ്ടായിരുന്ന മാറ്റൊരാളോടും മേയറും സംഘവും കയർക്കുന്നത് കാണാം. ഫോൺ നിർബന്ധിച്ച് വാങ്ങാൻ ശ്രമിക്കുന്നുമുണ്ട്.
ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ രാത്രി തന്നെ കൻ്റോൺമെൻ്റ് പോലീസ് കേസെടുത്തു. എന്നാല് തൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ബസിൻ്റെ സർവീസ് മുടക്കി എന്നെല്ലാം കാണിച്ച് ഡ്രൈവർ നൽകിയ പരാതിയിൽ നടപടി ഉണ്ടായിട്ടില്ല. പരിശോധിച്ചു വരികയാണ് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സർക്കാർ ജീവനക്കാരൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തുക എന്നത് ജാമ്യം കിട്ടാത്ത കുറ്റമാണ്. അതുകൊണ്ട് തന്നെ ഡ്രൈവറുടെ പരാതിയിൽ കേസെടുത്താൽ മേയർ കടുത്ത പ്രതിരോധത്തിലാകും. ഇത് കണക്കിലെടുത്താണ് പോലീസിൻ്റെ നീക്കം എന്നാണ് സൂചന. പ്രതികരണം ആരായാൻ മേയറെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.