അശ്ലീല ആംഗ്യം കാണിച്ചതിനെയാണ് ചോദ്യം ചെയ്തത്; ബസ് തടഞ്ഞിട്ടില്ല; സംസാരിക്കുന്നതിനിടയിലും ഡ്രൈവര്‍ ലഹരി ഉപയോഗിച്ചു; റോഡിലെ തര്‍ക്കത്തില്‍ മേയറുടെ വിശദീകരണം

തിരുവനന്തപുരം : അശ്ലീല ആംഗ്യം കാണിച്ചതിനെ തുടര്‍ന്നാണ് നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായി തര്‍ക്കമുണ്ടായതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. വാഹനത്തിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം എന്ന പ്രചരണം ശരിയല്ല. സ്ത്രീകള്‍ക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തേയാണ് ചോദ്യം ചെയ്തതെന്നും ആര്യ രാജേന്ദ്രന്‍ വിശദീകരിച്ചു.

അപകടകരമായ രീതിയിലാണ് ഡ്രൈവര്‍ ബസ് ഓടിച്ചിരുന്നത്. തങ്ങള്‍ സഞ്ചിരിച്ചിരുന്ന കാറിനെ പലതവണ തട്ടുമെന്ന നിലയില്‍ കടന്നുപോയി. ഇത് ശ്രദ്ധയില്‍പെട്ട് പുറകിലെ ഗ്ലാസിലൂടെ താനും സഹോദരന്റെ ഭാര്യയും തിരിഞ്ഞുനോക്കിയപ്പോള്‍ ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നു എന്ന് ആര്യ ആരോപിച്ചു. അപ്പോള്‍ തന്നെ നിയമപരമായി നേരിടണമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നും ബസ് അപകടകരമായ രീതിയില്‍ തന്നെയാണ് മുന്നോട്ട് പോയത്. പാളയം സിഗ്‌നലില്‍ വാഹനങ്ങള്‍ നിന്നപ്പോഴാണ് കാര്‍ നിര്‍ത്തി ഡ്രൈവറോട് ഇക്കാര്യം സംസാരിച്ചത്. അപ്പോഴും മോശമായാണ് സംസാരിച്ചത്. സംസാരിക്കുന്നതിനിടയിലും ഡ്രൈവര്‍ ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് അതിന്റെ കവര്‍ വലിച്ചെറിഞ്ഞുവെന്നും ആര്യ ആരോപിച്ചു. ഇയാള്‍ക്കെതിരെ നേരത്തെയും അലക്ഷ്യമായ ഡ്രൈവിംഗിന് കേസുണ്ടെന്നും, പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അല്ല, പൗരര്‍ എന്ന നിലയിലാണ് പ്രശ്‌നമുന്നയിക്കുന്നതെന്നും ആര്യ വിശദീരകരിച്ചു.

എന്നാല്‍ മേയറുടെ ആരോപണങ്ങള്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്ന യദു തള്ളി. ലഹരി ഉപയോഗിച്ചെന്ന ആരോപണം തെറ്റാണ്. ഇപ്പോള്‍ അനാവശ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഒരു അശ്ലീല ആംഗ്യവും കാണിച്ചില്ലെന്നും യദു പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എം പാനല്‍ ഡ്രൈവറായ യദുവിനെ കോര്‍പ്പറേഷന്‍ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാലാണ് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും കെഎസ്ആര്‍ടിസി ഡ്രൈവറുമായി തര്‍ക്കമുണ്ടായത്. സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമെന്നായിരുന്നു ആക്ഷേപം. മേയറുടെ പരാതിയില്‍ ബസ് ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top