ആവോളം പുകഴ്ത്തി സുരേഷ് ഗോപിയും തൃശൂര്‍ മേയറും; നെറ്റിപ്പട്ടം സമ്മാനവും

സുരേഷ് ഗോപിയും തൃശൂര്‍ കോര്‍പ്പറേഷനിലെ ഇടത് മേയര്‍ എംകെ വര്‍ഗീസും ഒരേ വേദിയിലെത്തിയതോടെ നാട്ടുകാര്‍ കേട്ടത് പരസ്പരമുള്ള പുകഴ്ത്തലുകള്‍. അയ്യന്തോളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് ഇരുവരും മനസ് നിറഞ്ഞ് പ്രശംസിച്ചത്.

സുരേഷ് ഗോപിയില്‍ താനടക്കമുള്ള തൃശൂരുകാര്‍ക്കു വലിയ പ്രതീക്ഷയാണുള്ളതെന്നും ഇതിന് യോജിച്ച പദ്ധതികള്‍ കൊണ്ടുവരണമെന്നും വര്‍ഗീസ് ആവശ്യപ്പെട്ടു. പഞ്ചായത്തും കോര്‍പറേഷനും ചെയ്യേണ്ട പണികളാണ് എംപിമാര്‍ ചെയ്യുന്നത്. അതില്‍ മാറ്റം വരണം. വലിയ പദ്ധതികള്‍ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത് മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രതീക്ഷയുണ്ടെന്നും മേയര്‍ പറഞ്ഞു.

മേയറുടെ രാഷ്ട്രീയം പൂര്‍ണമായും വ്യത്യസ്തമാണെന്ന് ആമുഖമായി പറഞ്ഞാണ് സുരേഷ് ഗോപി മറുപടി തുടങ്ങിയത്. ന്യായമായ കാര്യങ്ങള്‍ നടപ്പാക്കി, ജനങ്ങളുടെ സൗഖ്യത്തിന് ഊന്നല്‍ നല്‍കുന്ന മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണു തോന്നുന്നതെന്നും സുരേഷ് ഗോപി പ്രശംസിച്ചു. എതിരായി നില്‍ക്കുന്നവരെ നിങ്ങള്‍ക്കറിയാമെന്നും അവരെ കൈകാര്യം ചെയ്യണമെന്നും സുരേഷ് ഗോപി വര്‍ഗീസിന് ഉപദേശവും നല്‍കി. കോര്‍പറേഷന്റെ ഉപഹാരമായി നെറ്റിപ്പട്ടത്തിന്റെ ചെറുമാതൃക മേയര്‍ സുരേഷ് ഗോപിക്കു സമ്മാനിച്ചു.

സുരേഷ് ഗോപിയും മേയര്‍ എംകെ വര്‍ഗീസുമായുള്ള ബന്ധത്തില്‍ വലിയ വിമര്‍ശനം സിപിഎമ്മില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതോടൊപ്പം ബിജെപി വിജയത്തിനായി സിപിഎം സഹകരണം എന്ന നിലയില്‍ കോണ്‍ഗ്രസ് ഇതിനെ ആയുധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് എംകെ വര്‍ഗീസ് സുരേഷ് ഗോപിയെ പ്രശംസിച്ച് മുന്നോട്ടു പോകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top