സിഎസ്ഐ മെഡി. കോളജ് പ്രവേശനതട്ടിപ്പിൽ ഗുരുതര കണ്ടെത്തൽ; മുൻ സഭാസെക്രട്ടറിക്കെതിരെ വ്യാജരേഖക്ക് കേസെടുക്കാൻ ഡിജിപിയുടെ ശുപാർശ

മെഡിക്കൽ പ്രവേശനത്തിലെ തട്ടിപ്പുകളുടെ പേരിൽ പലവട്ടം വിവാദത്തിലായതാണ് കാരക്കോണം സോമർവെൽ സിഎസ്ഐ മെഡിക്കൽ കോളജ്. ഇവിടെ വിദ്യാർത്ഥി പ്രവേശനത്തിനായി പണം വാങ്ങി വ്യാജ സമുദായ സർട്ടിഫിക്കറ്റ് നൽകിയതിന് ബിഷപ് തന്നെ ഒളിക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. മറ്റൊരു ബിഷപ്പ് ഇതേ കാര്യത്തിന് പോലീസ് കേസിൽ പ്രതിയുമാണ്. ഇതൊക്കെയായിട്ടും ഈ ക്രമക്കേടുകൾക്കൊന്നും അറുതിയില്ലെന്ന് തന്നെ വ്യക്തമാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നത്. എംബിബിഎസ് പ്രവേശനത്തിന് വ്യാജരേഖ ചമച്ച് വിദ്യാർത്ഥിനിക്ക് അഡ്മിഷൻ തരപ്പെടുത്തിയതിൽ മുൻ സഭാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാണ് ഡിജിപി ശുപാർശ നൽകിയിരിക്കുന്നത്.

2021-22 അധ്യയനവർഷത്തിൽ എൻആർഐ ക്വോട്ടയിൽ പ്രവേശനം നേടിയ തനൂജ പി.എസ്. എന്ന വിദ്യാർത്ഥിയുടെ രേഖകളാണ് ക്രൈംബ്രാഞ്ച് പരിശോധിച്ചത്. ഈ കുട്ടി മകളാണെന്ന് കാണിച്ച് തൻ്റെ ഭാര്യയുടെ അനുജത്തിയെ സ്പോൺസറാക്കിയാണ് എൻആർഐ ക്വോട്ടയിൽ പ്രവേശനത്തിന് സഭാ സെക്രട്ടറിയായിരിക്കെ പ്രവീൺ വഴിയൊരുക്കിയത്. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശികളായ ഷിജു-മഞ്ജു ദമ്പതികൾക്ക് 2003 ഓഗസ്റ്റിൽ ജനിച്ച തനൂജയെ മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം 2009ൽ പ്രവീൺ തൻ്റെ സംരക്ഷണത്തിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മകളെന്ന് വരുത്തി തീർക്കാൻ വ്യാജരേഖകൾ ഉണ്ടാക്കിയത്. ഈ രേഖകളുടെ അടിസ്ഥാനത്തിൽ തൻ്റെ ഭാര്യയുടെ അനുജത്തി കാനഡയിലുള്ള ബി.ജെ.മിനിയെ സ്പോൺസറാക്കിയാണ് പ്രവേശനം നേടിയത്. രക്തബന്ധുക്കളായ പ്രവാസികൾക്കാണ് എൻആർഐ ക്വോട്ടയിൽ പ്രവേശനത്തിന് സ്പോൺസറാകാൻ കഴിയുന്നത്.

ഈ ഇടപാടുകൾക്കെല്ലാമുള്ള വ്യാജരേഖകൾ ഉണ്ടാക്കിയതിൽ വിശദമായ അന്വേഷണമാണ് ഡിജിപിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയത്. മഞ്ജുവിൻ്റെ മകൾ തനുജ തൻ്റെയും ഭാര്യ സി.ജെ.സിനിയുടേയും മകളാണെന്ന് കാണിച്ച് തമിഴ്നാട്ടിലെ കുഴിത്തറ ആർബിട്രേഷൻ കോടതിയിൽ പ്രവീൺ ഫയൽ ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് സമ്പാദിച്ച് ദേവികോട്ട് ബെർത്ത് ആൻ്റ് ഡെത്ത് രജിസ്ട്രാർ ഓഫീസിൽ നിന്ന് ജനന സർട്ടിഫിക്കറ്റും നേടി. പിന്നീട് എല്ലാ സർക്കാർ രേഖകളിലും കുട്ടിയുടെ മാതാപിതാക്കൾ പ്രവീണും ഭാര്യ സിനിയുമാണെന്ന് ചേർക്കുകയും ചെയ്തു. 2003 ഓഗസ്റ്റിൽ കാരക്കോണം സിഎസ്ഐ ആശുപത്രിയിൽ വെച്ച് തനൂജയെ പ്രസവിച്ചത് മഞ്ചുവാണെന്ന് തെളിയിക്കുന്ന ആശുപത്രി രേഖകളും പോലീസ് കണ്ടെത്തി.

ഇങ്ങനെ വ്യാജരേഖകൾ ചമച്ച് എൻ ആർഐ ക്വോട്ടയിൽ പ്രവേശനം നേടിയതിൽ നടപടിക്ക് അഡ്മിഷൻ സൂപ്പർവൈസറി കമ്മറ്റിക്ക് ശുപാർശ നൽകാമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിജിപി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കോടതിയേയും ജനന- മരണ രജിസ്ട്രാർ ഓഫീസിനേയും വ്യാജ രേഖ ചമച്ച് കബളിപ്പിച്ച വിവരം തമിഴ്നാട് പോലീസിനെ അറിയിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. ഡിജിപിയുടെ ഈ റിപ്പോർട്ടിൻ്റെ കോപ്പി സഹിതം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഈ വർഷം ജൂൺ 27ന് ഫീ റെഗുലേറ്ററി കമ്മറ്റിയെ അറിയിച്ചിട്ടുമുണ്ട്. സിപിഎം നേതാവും മുൻ മന്ത്രിയുമായ വി.ജെ.തങ്കപ്പൻ്റെ മകൻ വി.ടി.മോഹനൻ നല്കിയ പരാതിയിലാണ് ഈ അന്വേഷണങ്ങൾ നടന്നത്.

കാരക്കോണം സിഎസ്ഐ സോമർവെൽ മെഡിക്കൽ കോളജിൽ പ്രവേശനത്തിന് വിദ്യാർഥികളെ സഹായിക്കാൻ വ്യാജ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ചമച്ചെന്ന പരാതിയിൽ സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തെ മൂന്നാം പ്രതിയാക്കി നെയ്യാറ്റിൻകര പൊലീസ് 2019ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഷപ്പ് നൽകിയ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് പ്രവേശനം നേടിയ 11 എംബിബിഎസ് വിദ്യാർഥികളുടെ കോളജിലെ പ്രവേശനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. 2018ൽ വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി കാരക്കോണം മെഡിക്കല്‍കോളജില്‍ നടന്ന പ്രവേശനങ്ങള്‍ പ്രവേശന മേല്‍നോട്ടസമിതി റദ്ദാക്കിയിരുന്നു. സിഎംഎസ് ആംഗ്ലിക്കന്‍ ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് നല്‍കിയ സമുദായ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം നേടിയ ഒമ്പത് പേരടക്കം 11 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. പണം വാങ്ങി സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ബിഷപ്പ് ഒളിക്യാമറയിൽ കുടുങ്ങുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top