മകള്‍ക്ക് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിയത് 45 ലക്ഷം; നാല് പേര്‍ക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

മകള്‍ക്ക് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 45 ലക്ഷം തട്ടിയെന്ന യുവതിയുടെ പരാതിയില്‍ നാല് പേർക്കെതിരെ മുംബൈ പോലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തു. പ്രതികള്‍ മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് എന്ന് പറഞ്ഞ് യുവതിയുടെ വിശ്വാസം ആര്‍ജിച്ച ശേഷമാണ് പണം തട്ടിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 420,34 വകുപ്പുകള്‍ പ്രകാരമാണ് മേഘ്‌ന സത്പുതേ, പവാർ, ഗാവ്‌ഡെ, സാവന്ത് കാക്ക എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. പ്രതികളിലൊരാളായ മേഘ്‌ന സത്പുതേ പരാതിക്കാരിയുടെ പഴയ പരിചയക്കാരന്‍ കൂടിയാണ്.
2021 മാർച്ചിലാണ് ഇവര്‍ പണം തട്ടിയത്. സിന്ധുദുര്‍ഗ് മെഡിക്കൽ കോളേജിൽ മകളുടെ പ്രവേശനം നല്‍കാം എന്ന് പറഞ്ഞാണ് സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ അസിസ്റ്റന്റായ യുവതിയെ വലയില്‍ വീഴ്ത്തിയത്. 2020 ഒക്ടോബറിൽ നീറ്റ് പരീക്ഷയിൽ 315 മാർക്കോടെ പാസായ മകള്‍ക്ക് വേണ്ടിയാണ് യുവതി സീറ്റ് അന്വേഷിച്ചത്. മാനേജ്‌മെൻ്റ് ക്വാട്ടയിൽ 15 ലക്ഷം രൂപയ്ക്ക് സീറ്റ് നൽകാമെന്ന് ആണ് വാഗ്ദാനം ചെയ്തത്. കോവിഡ് കാരണം നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്. അതിനാല്‍ 45 ലക്ഷം വേണമെന്നാണ് ഇവര്‍ പിന്നീട് ആവശ്യപ്പെട്ടത്.
നിതേഷ് പവാർ, രാകേഷ് ഗാവ്‌ഡെ എന്നിവരുമായി മാർച്ച് 14, 2021 ന് വെർസോവയിലെ സെവൻ ബംഗ്ലാവിലുള്ള ഒരു ഹോട്ടലിൽ വച്ച് സത്പുതേ കൂടിക്കാഴ്ച ഒരുക്കി. സിന്ധുദുർഗിലെ പടവേയിലെ എസ്എസ്‌പിഎം മെഡിക്കൽ കോളേജിന്റെയും ലൈഫ് ടൈം ഹോസ്പിറ്റലിൻ്റെയും ട്രസ്റ്റികളെന്ന് പറഞ്ഞാണ് സത്പുതേ ഇവരെ യുവതിക്ക് പരിചയപ്പെടുത്തിയത്. സിന്ധുദുർഗിൽ നിന്നുള്ള ഒരു ബിജെപി നേതാവിൻ്റെ അടുത്ത ബന്ധുവാണെന്ന് അവകാശപ്പെട്ട സാവന്ത് കാക്കയെയും യുവതിക്ക് പരിചയപ്പെടുത്തി. കോളജ് അഡ്മിഷന്റെ ലിസ്റ്റ് കാണിച്ചുകൊടുത്ത് മകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചതായി പറഞ്ഞു. തുടര്‍ന്ന് 45 ലക്ഷം രൂപയാണ് യുവതി കൈമാറിയത്.
2021 ഡിസംബറിൽ കോളജ് തുറക്കുമെന്ന് പറഞ്ഞതോടെ മകളുടെ പ്രവേശനത്തെക്കുറിച്ചും ജോയിനിംഗ് ലെറ്ററിനെക്കുറിച്ചും അന്വേഷിക്കാൻ അവർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടു. അത്തരത്തിലുള്ള ഒരു വിദ്യാർത്ഥിക്കും പ്രവേശനം ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിൽ അവൾ ഞെട്ടിപ്പോയി. അപ്പോഴേക്കും പ്രതികളെല്ലാം സെൽഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ വർഷങ്ങള്‍ കാത്തിരുന്ന ശേഷമാണ് യുവതി ഒടുവിൽ മുംബൈ പോലീസിനെ സമീപിച്ചത്. .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here