അക്ഷരലോകത്തേക്ക് കുരുന്നുകളെ എത്തിക്കാൻ ദത്തനും; പത്രക്കാരോട് തെണ്ടാൻ ഉപദേശിച്ച ‘ഗുരുനാഥൻ’ കൗമുദി വിദ്യാരംഭത്തിൽ

മാധ്യമ പ്രവർത്തകരോട് തെണ്ടാൻ പോയിക്കൂടേ എന്നു ചോദിച്ച എം.സി.ദത്തനെ വിദ്യാരംഭ ചടങ്ങിൽ ആചാര്യനാക്കി കേരള കൗമുദിയുടെ കടുംകൈ. മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവായ ദത്തനെതിരെ മലയാള മാധ്യമങ്ങൾ ഉയർത്തിയ രൂക്ഷവിമർശനത്തിൻ്റെ ചൂട് അടങ്ങുംമുൻപാണ് കേരള കൗമുദിയുടെ ഈ ആദരം. ദത്തൻ മാപ്പുപറയണമെന്ന് പ്രസ്താവനയിറക്കിയ കേരള പത്രപ്രവർത്തക യൂണിയൻ്റെ നിലപാടിനെയും തള്ളുകയാണ് കൗമുദി. ഇത്തവണ കൗമുദിയുടെ മുറ്റത്ത് കുട്ടികളെ ഭാഷയിലെ ആദ്യക്ഷരം എഴുതിക്കാൻ ഇദ്ദേഹവും ഉണ്ടാകുമെന്ന പത്രത്തിൻ്റെ തന്നെ അറിയിപ്പിലൂടെയാണ് പുറംലോകം അറിഞ്ഞത്.

ഇക്കഴിഞ്ഞ ബുധനാഴ്ച യുഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവെന്ന പരിഗണനയേതും കിട്ടാതെ വലഞ്ഞുപോയി ദത്തൻ. സെക്രട്ടേറിയറ്റിൻ്റെ ഉള്ളിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ പോലീസാകട്ടെ ഈ ഉദേഷ്ടാവിനെ തിരിച്ചറിഞ്ഞതുമില്ല. ഒടുവിൽ മാധ്യമ പ്രവർത്തകർ പറഞ്ഞത് കേട്ട് മനസിലാക്കിയാണ് പോലീസുകാർ ഇദ്ദേഹത്തെ കടത്തിവിട്ടത്.

തൊട്ടുപിന്നാലെ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകർക്ക് മുന്നിലാണ് പ്രതിഷേധം അണപൊട്ടിയത്. അങ്ങനെയാണ് “വേറേ പണിയില്ലെങ്കിൽ തെണ്ടാൻ പൊയ്ക്കൂടേ” എന്ന വിഖ്യാത ചോദ്യം ദത്തൻ്റെ വായിൽനിന്ന് വീണത്. ഔദ്യോഗിക വാഹനമൊന്നുമില്ലാതെ സെക്രട്ടേറിയറ്റിന് ചുറ്റും നടന്നുതളർന്നതിൻ്റെ അമർഷമം പെട്ടെന്ന് പ്രകടിപ്പിച്ച് പോയതാണെന്ന് കരുതിയവർക്ക് തെറ്റി. അങ്ങനെ പറഞ്ഞത് തന്നെയാണെന്ന് പിന്നീട് മറ്റൊരിടത്ത് പോയി അദ്ദേഹം പരസ്യമായി പറഞ്ഞതും കഴിഞ്ഞ ദിവസം പുറത്തുവന്നു.

ഏതായാലും ‘മാപ്ര’കളോട് അങ്ങനെ പറഞ്ഞത് നന്നായി എന്ന തരത്തിൽ ധാരാളം പ്രശംസയും അദ്ദേഹത്തിന് കിട്ടുന്നുണ്ടെന്ന് ഉറപ്പ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഒരുവിഭാഗം അങ്ങനെ തന്നെ വിളിച്ചുപറയുന്നുണ്ട്. ഏതാണ്ട് ഈ തരത്തിലേക്കായി ഇപ്പോൾ കൌമുദിയുടയും ലൈൻ എന്നാണ് വ്യക്തമാകുന്നത്. വിദ്യാരംഭത്തിന് വളരെ കാലേകൂട്ടി ആച്യാര്യന്മാരെ ക്ഷണിക്കുന്ന രീതിയുണ്ട്. പ്രത്യേകിച്ച് മനോരമ അടക്കമുള്ളവരോട് മത്സരിച്ച് വേണം കൗമുദിയൊക്കെ ഈ പരിപാടി നടത്താൻ. അങ്ങനെ ക്ഷണിച്ച സ്ഥിതിക്ക് അത് റദ്ദാക്കാൻ വയ്യാത്ത സ്ഥിതി ആയിപ്പോയതാണോ എന്നിനി കൌമുദി തന്നെ വേണം വ്യക്തത വരുത്താൻ.

എം.സി.ദത്തനെ കൂടാതെ മുൻ ഡിജിപി എ.ഹേമചന്ദ്രൻ, ന്യൂറോ വിദഗ്ധൻ ഡോ. മാർത്താണ്ഡപിള്ള, നർത്തകി ഡോ.നീനാ പ്രസാദ്, ന്യൂറോളജിസ്റ്റ് ഡോ.ഷാജി പ്രഭാകരൻ എന്നിവരും കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഉണ്ടാകുമെന്നാണ് കൗമുദി അറിയിച്ചിട്ടുള്ളത്.

Also watch..

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top