സിസിടിവി ദൈവങ്ങള്‍ക്ക് സ്തുതി… വര്‍ഗീയ ലഹളയില്‍ നിന്ന് നാട് രക്ഷപ്പെട്ടത് തലനാരിഴക്ക്; വില്ലന്‍ ഒരു പൂച്ചയും!!!
![](https://www.madhyamasyndicate.com/wp-content/uploads/2025/02/cat.jpg)
കുപ്രചരണങ്ങളില്‍ വര്‍ഗീയ ലഹളകള്‍ ഇന്ത്യയിലെ പതിവ് കാഴ്ചയാണ്. അത്തരമൊരു കലാപാന്തരീക്ഷത്തില്‍ നിന്ന് ഒരു നഗരത്തെ രക്ഷിച്ചത് ഏതാനും സിസിടിവി ക്യാമറകളും നിഷ്‌കളങ്കനായ ഒരു പൂച്ചയുമാണ്. ഹൈദരാബാദില്‍ നിന്നാണ് ഈ കഥ.
ഇന്നലെ രാവിലെ പത്തു മണിയോടെ ഹൈദരാബാദ് നഗരാതിര്‍ത്തിയിലുള്ള ഹനുമാന്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ മാംസം കണ്ടെത്തിയെന്ന് ഒരു കിംവദന്തി ആരൊക്കെയോ ചേര്‍ന്ന് പരത്തി. കേട്ട പാതി കേള്‍ക്കാത്ത പാതി ‘ദൈവ സംരക്ഷകര്‍’ ക്ഷേത്ര പരിസരത്ത് തടിച്ചു കൂടി. തരാതരം പോലെ വിദ്വേഷ പ്രചരണങ്ങളും തല്‍പരകക്ഷികള്‍ അടിച്ചു വിട്ടു തുടങ്ങി. ക്ഷേത്രത്തിലേക്ക് ആരോ മാംസം വലിച്ചെറിഞ്ഞു എന്നതായിരുന്നു പ്രചരിച്ച വാര്‍ത്ത. സോഷ്യല്‍ മീഡിയാ വഴിയും പ്രചരണം ഉഷാറായി. കള്ളക്കഥകള്‍ വ്യാപകമായി പ്രചരിക്കാനും തുടങ്ങി. ഇതോടെ പോലീസും അന്വേഷണം തുടങ്ങി.
വിശദമായ അന്വേഷണത്തിനൊടുവില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു പൂച്ചയാണ് ക്ഷേത്രത്തില്‍ മാംസം കൊണ്ടിട്ടതെന്ന് വ്യക്തമായി. സിസിടിവി ദൈവം ഒരു നാടിനെയും ഹൈദരാബാദ് നഗരത്തേയും രക്ഷിച്ചു എന്ന് പറയുന്നതാവും ശരി.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/press.jpg)
നഗരപ്രാന്ത പ്രദേശമായ തപ്പച്ചബുത്രയിലെ(Tappachabutra ) ജീര ഹനുമാന്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിന്‍വശത്തായിട്ടാണ് മാംസക്കഷ്ണം കണ്ടെത്തിയത്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പുരോഹിതനാണ് ശിവലിംഗത്തിന് പിന്നില്‍ മാംസക്കഷണങ്ങള്‍ വച്ചിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് അദ്ദേഹം വിവരം കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്തു.നിരവധി ദേവന്മാരെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഒരു ഹനുമാന്‍ ക്ഷേത്രമാണിത്. വാര്‍ത്ത പരന്നതോടെ ഹിന്ദു സംഘടനകളും ബിജെപി പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരുന്നു.
250ഗ്രാം തൂക്കമുള്ള ആട്ടിറച്ചിയുടെ ഒരു കഷ്ണമായിരുന്നു ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും രംഗത്തെത്തിയതോടെ എന്തും സംഭവിക്കാവുന്ന സ്ഥിതിയുണ്ടായിരുന്നു.
സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനേയും വിന്യസിച്ചിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്.
![](https://www.madhyamasyndicate.com/wp-content/uploads/2025/02/WhatsApp-Image-2025-02-13-at-4.17.58-AM.jpeg)
ക്യാമറ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനിടയിലാണ് പോലീസ് യഥാര്‍ത്ഥ പ്രതിയെ തൊണ്ടിയോടെ പൊക്കിയത്.
മാംസക്കഷ്ണം കടിച്ചുപിടിച്ച് നടന്നുവരുന്ന ഒരു യമണ്ടന്‍ പൂച്ചയെയാണ് പൊലീസുദ്യോഗസ്ഥര്‍ കണ്ടത്. പൂച്ച മാംസവുമായി ക്ഷേത്രത്തിനുള്ളിലേക്ക് കയറിപ്പോകുന്നതും വീഡിയോയിലുണ്ട്. ഇതോടെ വര്‍ഗീയ സംഘര്‍ഷത്തിനും മുതലെടുപ്പിനും കച്ചകെട്ടി വന്ന ടീംസ് സ്ഥലം കാലിയാക്കി.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here