മാധ്യമങ്ങൾ പാർട്ടിക്കെതിരെ കഥകൾ മെനയുന്നുവെന്ന് സിപിഎം; ചർച്ച ചെയ്തത് രാഷ്ട്രീയ എതിരാളികളുടേയും കേന്ദ്ര ഏജൻസികളുടേയും കടന്നാക്രമണത്തെ നേരിടുന്ന കാര്യം

തൃശൂർ: മാധ്യമങ്ങൾ പാർട്ടിക്കെതിരെ കഥകൾ മെനയുന്നുവെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ‘ഒറ്റുകാരാകരുതെന്ന് സംസ്ഥാന സെക്രട്ടറി ജില്ലാ നേതാക്കളെ താക്കീത് ചെയ്‌തു’ എന്ന് പല മാധ്യമങ്ങളിലും വാർത്തയായി വന്നു. ഇത് കഥകൾ മെനയുന്നവരുടെ ഭാവനസൃഷ്‌ടി മാത്രമാണ് എന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യുകയോ നേതാക്കൾ പറയുകയോ ചെയ്യാത്ത കാര്യങ്ങൾ വാർത്തയായി വരുന്നത് സത്യാനന്തര കാലത്തെ മാധ്യമ പ്രവണതകളുടെ ഭാഗമാണ്. കോൺഗ്രസ്- ബിജെപി പാർട്ടികളുടെയും കേന്ദ്ര ഏജൻസികളുടെയും കടന്നാക്രമണങ്ങളെ രാഷ്ട്രീയവും നിയമപരവുമായി നേരിടുന്നതിന് എടുക്കേണ്ട കാര്യങ്ങൾ മാത്രമാണ് സെക്രട്ടേറിയറ്റ് ചർച്ച ചെയ്‌തത്. ജനകീയ ക്യാമ്പയിന് പാർട്ടി രൂപം നൽകുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഏതോ കേന്ദ്രം ഉൽപ്പാദിപ്പിച്ച തെറ്റായ ആശയം വാർത്തയായി നൽകിയ നടപടി അനുചിതമാണെന്നും ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here