മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നത്തിൽ ചുറ്റിത്തിരിഞ്ഞ് സോഷ്യൽ മീഡിയ; രോഗം വ്യക്തിയുടെ സ്വകാര്യതയെന്ന മര്യാദ ലവലേശമില്ലാതെ ആഘോഷം

ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധപുലർത്തുന്ന താരമാണ് മമ്മൂട്ടി. എന്ന് മാത്രമല്ല ഭക്ഷണക്കാര്യത്തിൽ അദ്ദേഹം പുലർത്തുന്ന ചിട്ടകൾ പ്രസിദ്ധമാണ്. അത് മാതൃകയാക്കാൻ ആഗ്രഹിക്കുന്നവർ പലരുണ്ട്. എന്നാൽ അതിന് കഴിയാത്തതിൻ്റെ നിരാശ പങ്കുവയ്ക്കുന്നവരാണ് അധികവും. കാരണം അത്രത്തോളം ആയാസകരമാണ് അദ്ദേഹം പുലർത്തുന്ന ആ അച്ചടക്കം. എഴുപത് പിന്നിട്ടിട്ടും ചെറുപ്പം അദ്ദേഹത്തോട് വിടപറയാൻ മടിക്കുന്നതിനെക്കുറിച്ച് ആശ്ചര്യത്തോടെ ചിന്തിക്കാത്ത മലയാളിയില്ല.

ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് അദ്ദേഹത്തിന് എന്തോ അനാരോഗ്യം ബാധിച്ചിരിക്കുന്നു എന്ന് കേട്ടതേ മലയാളികൾ ഒന്നടങ്കം ആശ്ചര്യപ്പെടുന്നതും വിവരം തിരക്കുന്നതും. ഈ കൌതുകം പരമാവധി മുതലാക്കുക എന്നതിലാണ് മലയാളത്തിലെ ഓൺലൈൻ ചാനലുകളെല്ലാം രണ്ടു ദിവസമായി ശ്രദ്ധവച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് എന്തുപറ്റി, ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്ത് മമ്മൂട്ടി… എന്ന് തുടങ്ങി, മമ്മൂട്ടിക്ക് കുടലിൽ ക്യാൻസറോ എന്നുതന്നെ തെളിച്ചെഴുതി ആളെക്കൂട്ടാനുള്ള ശ്രമമാണ് പലരും നടത്തുന്നത്.

വ്യക്തമായ സ്ഥിരീകരണം വരുന്നതിന് മുൻപേ ഒരു വിവരം ഇങ്ങനെയെല്ലാം പൊതുജനമധ്യത്തിൽ ചർച്ചക്ക് എടുത്തിട്ട് കൊടുത്തശേഷം, അയ്യോ അത് അദ്ദേഹത്തിൻ്റെ സ്വകാര്യതയല്ലേ എന്ന മട്ടിൽ മാന്യത നടിക്കുന്നവരും രംഗത്തുണ്ട്. ഫലത്തിൽ രോഗവാർത്ത കൊണ്ടും മമ്മൂട്ടിയെന്ന താരത്തിൻ്റെ മൂല്യം മുതലാക്കാനുള്ള ശ്രമമാണ് എല്ലാവരും നടത്തുന്നത്. ഈ സാഹചര്യത്തിലാണ്, താരം ആയതിനാൽ അദ്ദേഹത്തിൻ്റെ ആരോഗ്യകാര്യം, അല്ലെങ്കിൽ അനാരോഗ്യം പൊതുവിടങ്ങളിൽ ചർച്ച ചെയ്യാമോ എന്ന ചോദ്യം പ്രസക്തമാകുന്നത്. അതെത്ര എത്തിക്കൽ ആണ്?

താരത്തിനും നേതാവിനും എല്ലാവർക്കും രോഗം സ്വകാര്യതയാണ്. അതിലേക്ക് കടന്നുകയറുന്നത് ഒട്ടും ന്യായമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ കൺവീനർ ഡോ സുൾഫി നൂഹു പറയുന്നു. ഈ സ്വകാര്യത കിട്ടാത്തത് കൊണ്ടാവണം ഇവിടെ മികച്ച ചികിത്സ ലഭ്യമായിട്ടും പല പ്രമുഖരും വിദേശങ്ങളിലേക്ക് ഓടിയൊളിക്കുന്നത്. മമ്മൂട്ടി എന്നല്ല ആരുടെയും ചികിത്സാ വിവരം അറിയേണ്ടത് രോഗിയും ഏറ്റവും അടുത്ത ബന്ധുവും മാത്രം. പ്രധാനപ്പെട്ട വ്യക്തികളുടെ രോഗവിവരം അറിയാൻ നാട്ടുകാർക്ക് അവകാശമുണ്ടെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കൽ ബുള്ളറ്റിനെ മാത്രമാണ് ആശ്രയിക്കേണ്ടതെന്നും ഡോ സുൾഫി ഫെയ്സ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.

പല കാരണങ്ങൾ കൊണ്ടും രോഗവിവരം വെളിപ്പെടുത്താൻ മടിക്കുന്നവരുണ്ട്. അതിന് അവർക്കുള്ള സ്വാതന്ത്ര്യം അംഗീകരിച്ചു കൊടുക്കാൻ മാധ്യമങ്ങൾ അടക്കം എല്ലാവരും തയ്യാറാകണമെന്ന് മുൻ ഐആർഎസ് ഉദ്യോഗസ്ഥനും കസ്റ്റംസ് കമ്മിഷണറുമായിരുന്ന ഡോ കെ എൻ രാഘവൻ പറയുന്നു. പലകോണിൽ നിന്ന് വരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം കൊടുക്കാൻ പലരും ബുദ്ധിമുട്ടും. പ്രത്യേകിച്ച് സെലിബ്രിറ്റികൾക്ക് ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാകും. സ്വഭാവികമായും പൊതുജനങ്ങൾക്ക് അറിയാൻ താൽപര്യം ഉണ്ടാകും. എന്നാൽ സ്ഥിരീകരണമില്ലാതെ ഈ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.

മോഹൻലാലുമൊത്ത് അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തതിന് പിന്നാലെയാണ് മമ്മൂട്ടിക്ക് അനാരോഗ്യം എന്ന മട്ടിൽ പ്രചാരണം തുടങ്ങിയത്. ഇത് ഓൺലൈനിൽ ചിലർ ഏറ്റെടുത്തതോടെ കുടലിലാണ് ക്യാൻസറെന്നും, ചികിത്സ തുടങ്ങിയെന്നും മറ്റുമുള്ള വിശദീകരണങ്ങളെല്ലാം വന്നു. ഏതാനും ദിവസം മുമ്പ് മമ്മൂട്ടിയും ദുൽഖറും സുറുമിയും അടക്കം കുടുംബാംഗങ്ങൾ എല്ലാവരും ചേർന്നുള്ള ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇത് ചികിത്സക്കുള്ള പോക്കായിരുന്നു എന്ന മട്ടിലുള്ള വ്യാഖ്യാനങ്ങളാണ് ഇപ്പോൾ വരുന്നത്.

ആരോഗ്യത്തെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടി പൂർണ്ണമായും സുഖമായിരിക്കുന്നു. റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തതെന്നും അതിന് ശേഷം അദ്ദേഹം വീണ്ടും മോഹൻലാലിനൊപ്പം സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നും അവർ വിശദീകരിച്ചിട്ടുണ്ട്. പേരിന് മാത്രം ഇത് വാർത്തായിട്ടുണ്ട് എങ്കിലും അവിടെയും തീർന്നിട്ടില്ല അദ്ദേഹത്തിനെതിരെയുള്ള ‘ക്യാൻസർ പ്രചാരണം.’

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top