‘ശമ്പളം പോരാ’; മെഡിക്കൽ കോളജിൽ പഠിപ്പിക്കാൻ ഡോക്ടർമാർക്ക് താൽപര്യമില്ലെന്ന് ഐഎംഎ പ്രസിഡന്റ്

ചെന്നൈ: രാജ്യത്തെ 50 ശതമാനം മെഡിക്കൽ കോളജുകളിലും പഠിപ്പിക്കാൻ ആവശ്യത്തിന് അധ്യാപകരില്ലെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ.ശരദ് കുമാർ അഗർവാൾ. ഒരു ലക്ഷത്തിലധികം കുട്ടികളാണ് ഓരോ വർഷവും മെഡിക്കൽ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. എന്നാൽ പകുതിയിലധികം മെഡിക്കൽ കോളേജുകളിലും ആവശ്യത്തിന് അധ്യാപകർ ഇല്ലെന്നാണ് ഡോ.അഗർവാൾ പറഞ്ഞത്. ചെന്നൈയിൽ നടക്കുന്ന ‘തിങ്ക്എഡ്യു കോൺക്ലേവ് 2024’ൽ ഇന്ത്യൻ മെഡിക്കൽപഠന സംവിധാനത്തെ കുറിച്ചുള്ള പാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഡോക്ടർമാർക്ക് ലഭിക്കുന്ന പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോൾ മെഡിക്കൽ അധ്യാപകർക്ക് കിട്ടുന്ന ശമ്പളം കുറവാണ്. എംഡി അല്ലെങ്കിൽ എംഎസ് ആണ് അധ്യാപകര്‍ക്ക് വേണ്ട കുറഞ്ഞ യോഗ്യത. അത് നേടാൻ കുറഞ്ഞത് ഒൻപത് വർഷം എടുക്കും. എന്നാൽ അതിനുതക്ക ശമ്പളമില്ലാത്തതിനാൽ അധ്യാപനത്തിലേക്ക് വരാന്‍ മിക്കവരും മടിക്കുന്നു എന്നാണ് ഡോ. അഗർവാൾ പറഞ്ഞത്. കൂടാതെ ഡോക്ടർമാർക്ക് സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരം മെഡിക്കൽ അധ്യാപകർക്ക് ലഭിക്കുന്നില്ലെന്നും അഭിപ്രായമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് രാജ്യത്തെ മെഡിക്കൽ പഠനക്രമം മാറേണ്ടതുണ്ടെന്ന് രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എസ് സച്ചിദാനന്ദ് പറഞ്ഞു. പോഷകക്കുറവ്, സ്ത്രീകളിൽ കണ്ടുവരുന്ന വിളർച്ച, ക്ഷയം തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിൽ പാഠ്യപദ്ധതി ക്രമീകരിക്കണം. അറിവ് നേടുന്നതിലുപരി കഴിവ് മെച്ചപ്പെടുത്താനും രോഗികളോടുള്ള ഡോക്ടർമാരുടെ മനോഭാവം മെച്ചപ്പെടുത്താനുമാണ് ഇനിയുള്ള കാലത്ത് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നീറ്റ് പരീക്ഷ വിദ്യാർത്ഥികൾക്ക് ഗുണകരമാണെന്നാണ് ചർച്ചയിൽ ഉയർന്നുവന്ന പൊതു അഭിപ്രായം. ഒറ്റ പ്രവേശന പരീക്ഷ വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കും. പല പല പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാകുമെന്നാണ് പാനലിന്റെ വിലയിരുത്തൽ. എന്നാൽ കൗൺസിലിങ് പ്രക്രിയയിൽ മാറ്റങ്ങൾ വേണമെന്നും അഭിപ്രായമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top