പനിപോയി ക്ഷീണംബാക്കി, കാരണമെന്ത്; പഠനത്തിന് ആവശ്യമായ വിവരങ്ങളില്ലെന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിക്കുന്നവർക്ക് ദിവസങ്ങളോളം അത് നിലനിൽക്കുകയും പനിമാറിയാൽ തന്നെ ചുമയും ക്ഷീണവും ഏറെനാൾ തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നാണ് വിവരം. പ്രതിദിനം ഏഴായിരത്തിലധികം ആളുകളാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെയാണ്.
പനി കൂടുന്നുണ്ടെന്നോ, പനിമൂലമുണ്ടാകുന്ന ക്ഷീണവും മറ്റ് ബുദ്ധിമുട്ടുകളും അധികനാൾ നീണ്ടുനിൽക്കുന്നുണ്ടെന്നോ വെറുതെ പറയാൻ സാധിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധൻ ഡോ.എസ് എസ് ലാൽ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. ‘കൃത്യമായ പഠനം നടത്തി മാത്രമേ ഇത്തരം കാര്യങ്ങൾ പറയാൻ സാധിക്കു. അതിനുവേണ്ട കണക്കുകൾ കേരളത്തിൽ ലഭ്യമല്ല. സർക്കാരിന്റെപക്കൽ കണക്കുകൾ കാണും, പക്ഷേ പൊതുസമൂഹത്തിൽ അത് ലഭ്യമല്ലാത്തത് കൊണ്ട് ഗവേഷണമോ പഠനമോ നടത്താൻ സാധിക്കില്ലെന്നാണ്’ അദ്ദേഹം പറഞ്ഞത്. “സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടിയെന്നത് കൊണ്ട് മാത്രം അസുഖം കൂടിയെന്ന് പറയുന്നത് ശരിയായ പ്രവണതയല്ല. അതിന് പല കാരണങ്ങൾ കാണും. സ്വകാര്യ ആശുപത്രികളിലെ ഫീസ് താങ്ങാൻ പറ്റാത്തതാകാം, ആരോഗ്യ പരിരക്ഷ ഉള്ളതുകൊണ്ടാകാം അങ്ങനെ കാര്യങ്ങൾ പലതുമുണ്ടാകും. ചിലർക്ക് പനി ആഴ്ചകളോളം നിൽക്കുന്നതും, ക്ഷീണം ചുമ എന്നിവ കുറയാത്തതും പൊതുവായ ഒന്നായി കണക്കാക്കാൻ പറ്റില്ല. അത് ഉറപ്പാക്കണമെങ്കിൽ കൃത്യമായ വിവരങ്ങൾവച്ച് പഠനം നടത്തണം. അത് ചെയ്യാത്തിടത്തോളം ശാസ്ത്രീയമായ ഒരു അഭിപ്രായം പറയാൻ സാധിക്കില്ലെന്നാണ്” ഡോ. ലാൽ പറയുന്നത്. കേരളത്തിൽ എന്ത് അസുഖം വന്നാലും അതിനെ കോവിഡുമായി ചേർത്തുവയ്ക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുവിൽ തണുപ്പ് കാലത്ത് വൈറസ് രോഗങ്ങൾ കൂടുന്നത് സാധാരണമാണെന്നാണ് ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. ‘ഈ സീസണിൽ അത് കൂടുതലാണ്. വൈറസ് രോഗങ്ങൾ ഏതായാലും അതിനൊപ്പം ചുമ, ജലദോഷം എന്നിവ വരുന്നത് സാധാരമാണ്. കോവിഡ്, ഡെങ്കി തുടങ്ങി ഏതായാലും വൈറസ് രോഗമാണ്. ക്ഷീണം ഇതിന്റെ ഭാഗമാണ്. വലിയൊരു ആശങ്ക ഉണ്ടാകേണ്ട കാര്യം അതിലില്ല’ എന്നും ഡോ.സുൽഫി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സംസ്ഥാനത്ത് പകർച്ചപ്പനി വര്‍ധിക്കുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കര്‍ശന ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ അഭാവമാണ് പകര്‍ച്ചപ്പനി വര്‍ദ്ധിക്കാന്‍ കാരണമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇപ്പോള്‍ പനി വന്നുപോയ ശേഷം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളാണ് ആശങ്കയ്ക്ക് വഴിവയ്ക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here