മെഡിസെപ്പിലെ പരാതികൾ അട്ടിമറിക്കാനുള്ള നീക്കത്തിന് തടയിട്ട് ഉപഭോക്തൃകോടതി; ഓറിയൻ്റൽ ഇൻഷുറൻസിൻ്റെ ഹർജി കുട്ടയിലെറിഞ്ഞു

മെഡിസെപ്പ് ഇൻഷുറൻസ് പരിരക്ഷയുള്ള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പരാതിയുമായി നേരിട്ട് ഉപഭോക്തൃകോടതിയെ സമീപിക്കാം. സർക്കാരിൻ്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തെ സമീപിക്കാതെ ജീവനക്കാർ നേരിട്ട് കോടതിയിൽ പോകാൻ പാടില്ലെന്ന് വാദിച്ച ഓറിയൻ്റൽ ഇൻഷുറൻസിൻ്റെ ഹർജി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി തള്ളി. സർക്കാരും ഇൻഷുറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ മാത്രമേ കോടതിയെ സമീപിക്കാൻ സാധിക്കൂ എന്നായിരുന്നു നിബന്ധന. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി.

2019ലെ ഉപഭോക്തൃ സംരക്ഷണ നിയമംപ്രകാരം ഏത് ഉപഭോക്താവിനും സേവനത്തിലെ ന്യൂനതയും അധാർമിക വ്യാപാര രീതിയും ചൂണ്ടിക്കാട്ടി ഉപഭോക്തൃ കോടതികളെ സമീപിക്കാം. കൂടാതെ കർണാടക സർക്കാർ Vs വിശ്വഭാരതി ഹൗസ് ബിൽഡിംഗ് കോപ്പറേറ്റീവ് സൊസൈറ്റി കേസിൽ, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള പ്രതിവിധികൾ അനുബന്ധമാണെന്നും, മറ്റ് നിയമ സംവിധാനങ്ങളോടൊപ്പം തന്നെ ഉപഭോക്തൃ തർക്കപരിഹാര കോടതികൾ മുഖേനയും പരിഹാരങ്ങൾ തേടാമെന്ന സുപ്രീം കോടതിയുടെ ഉത്തരവും ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി.

മെഡിസെപ്പ് പ്രകാരം ഇൻഷുറൻസ് ക്ലെയിം ലഭിക്കാതിരുന്ന എറണാകുളം കറുകപ്പിള്ളി സ്വദേശിയും റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ സി ഡി ജോയി സർക്കാരിന്റെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തെ ആശ്രയിക്കാതെ നേരിട്ട് ഉപഭോക്തൃ കോടതിയിലെത്തി. അതിനാൽ ഈ പരാതി ഉപഭോക്തൃ കോടതി പരിഗണിക്കാൻ പാടില്ല എന്നായിരുന്നു ഓറിയൻ്റൽ ഇൻഷുറൻസിൻ്റെ വാദം. ഇത് തള്ളിക്കൊണ്ടാണ് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്.

തുടർവാദങ്ങൾക്കായി കേസ് ജനുവരി 20ന് വീണ്ടും പരിഗണിക്കും. പരാതിക്കാരന് വേണ്ടി അഡ്വക്കറ്റ് മിഷാൽ എം ദാസൻ ഉപഭോക്തൃ കോടതിയിൽ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top