കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരം; കുടിശിക തീർക്കാൻ ഒരു കോടി രൂപ നല്‍കും, മരുന്ന് എത്തിക്കുമെന്ന് വിതരണക്കാർ
കോഴിക്കോട്: മെഡിക്കല്‍ കോളജിലേക്ക് മരുന്ന് എത്തിച്ച വകയില്‍ വിതരണക്കാർക്ക് നൽകാനുള്ള കുടിശിക തീർക്കാൻ സർക്കാർ ഒരു കോടി രൂപ നല്‍കും. പണം നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ മരുന്ന് വിതരണം തുടരുമെന്ന് വിതരണക്കാർ അറിയിച്ചു. ഈ മാസം 31നകം കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ കുടിശികയും ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
75 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. കുടിശിക നൽകാത്തതിനെ തുടർന്ന് മരുന്ന് വിതരണം കുറച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയകൾ ഒഴികെ മറ്റുള്ളവ മുടങ്ങിയ അവസ്ഥയിലായിരുന്നു. മാർച്ച് പതിനഞ്ചിനകം കുടിശിക തീർക്കാമെന്നാണ് ജില്ലാ കളക്ടർ ഉൾപ്പെടെ നേരത്തെ ഉറപ്പ് നൽകിയിരുന്നു. കുടിശിക നല്‍കിയില്ലെങ്കില്‍ വിതരണം പൂര്‍ണമായും നിര്‍ത്തുമെന്ന് വിതരണക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിലുള്ള ന്യായവില മരുന്നുശാലയിലേക്ക് മരുന്നും സർജിക്കൽ ഉപകരണങ്ങളും നൽകിയ ഇനത്തിലാണ് കുടിശിക.
കോഴിക്കോട് ജില്ലയിലാണ് പ്രശ്നം കൂടുതൽ ഗുരുതരമായിരുന്നത്. മരുന്ന് വിതരണം കുറഞ്ഞതോടെ ന്യായവില കടകളിൽ നിന്ന് പല മരുന്നുകളും കിട്ടാത്ത അവസ്ഥയിൽ പുറത്തെ മെഡിക്കൽഷോപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു രോഗികൾക്ക്. ഹൃദ്രോഗം പോലുള്ളവയുടെ മരുന്നുകൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് തുടങ്ങിയവയ്‌ക്കായി 175കോടിയോളം രൂപയാണ് സർക്കാർ മെഡിക്കൽ കോളജിന് നൽകാനുണ്ടായിരുന്നത്. ഇതാണ് വിതരണക്കാർക്ക് പണം കിട്ടാത്തതിന്റെ പ്രധാന കാരണം. മറ്റ് ജില്ലകളിൽ മെഡിക്കൽ സർവീസ് കോർപറേഷനാണ് മരുന്നുകളുടെ ഭൂരിഭാഗവും വിതരണം ചെയ്യുന്നത്. അതുകൊണ്ടാണ് കോഴിക്കോട് ജില്ലയിൽ നേരിടുന്ന കടുത്ത പ്രതിസന്ധി മറ്റിടങ്ങളിൽ ഇല്ലാത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here