വിദേശത്ത് നിന്നും മരുന്ന് ഇന്നെത്തും; അമീബിക് മസ്തിഷ്കജ്വരത്തെ അതിജീവിക്കാൻ കേരളം
സമീപകാലത്ത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയ അത്യപൂർവ്വ രോഗമായ അമീബിക് മസ്തിഷ്കജ്വരത്തിന് വിദേശത്ത് നിന്നും മരുന്ന് തിരുവനന്തപുരത്ത് എത്തും. സംസ്ഥാന സർക്കാരിൻറെ അഭ്യർത്ഥന പ്രകാരമാണ് മരുന്ന് എത്തുന്നത്. ജർമ്മനിയിൽ നിന്നും ഡോ. ഷംഷീർ വയലിലാണ് ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ ഇന്ന് എത്തിക്കുന്നത്. ആദ്യമായാണ് മസ്തിഷ്കജ്വരത്തിന്റെ മരുന്നുകൾ വിദേശത്തുനിന്ന് എത്തിക്കുന്നത്. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ എത്തും.
കേരളത്തിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് 2016ൽ ആലപ്പുഴയിലാണ്. പിന്നീട് ഏഴു വർഷത്തിനിടെ ആറു പേർക്കു മാത്രം ബാധിച്ച രോഗം കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നു കുട്ടികളുടെ ജീവനെടുത്തു. മെയ് 21ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂൺ 16ന് കണ്ണൂരിൽ 13കാരിയും ജൂലൈ മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരനുമാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. 2016നു ശേഷം മലപ്പുറത്തും കോഴിക്കോടും തൃശൂരിലും കഴിഞ്ഞ വർഷം ആലപ്പുഴയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ അപൂർവമായി മാത്രം കാണുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. വെള്ളവുമായി സമ്പർക്കത്തിലാവുന്ന 10 ലക്ഷത്തോളം പേരിൽ 2.6 പേരിൽ മാത്രമാണ് ഈ രോഗം വരുന്നതെന്നു വിദഗ്ധർ പറയുന്നു. അമീബ വിഭാഗത്തിൽപെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നും ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here