സർക്കാർ ആശുപത്രികളിൽ മരുന്നുകൾ കിട്ടാനില്ല, കുറിപ്പടിയുമായി പാവങ്ങൾ നെട്ടോട്ടത്തിൽ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ നിന്നു സൗജന്യമായി മരുന്നു ലഭിക്കുമെന്നു ഇനി കരുതേണ്ടതില്ല. സാമ്പത്തിക ഞെരുക്കം മൂലം ആശുപതികളിൽനിന്നു മരുന്നുകൊടുക്കുന്ന പതിവ് ഇല്ലാതായിക്കഴിഞ്ഞു. കുറിപ്പടിയുമായി സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാരായ രോഗികൾ.
വിവിധ മെഡിക്കൽ കോളേജുകളിലെ ആശുപത്രി വികസന സമിതികൾക്ക് സർക്കാർ 17 കോടിയോളം രൂപ കൊടുക്കാനുണ്ട്. കേരള മെഡിക്കൽ സർവ്വീസസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) വഴിയാണ് ആശുപത്രി വികസന സമിതികൾക്കു മരുന്നു ലഭിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപതികൾ വരെ മരുന്നു നൽകിയ ഇനത്തിൽ 28.67 കോടിയും മെഡിക്കൽ കോളേജുകൾക്ക് നൽകിയ ഇനത്തിൽ 27.38 കോടിയുമാണ് നൽകാനുള്ളത്. കിട്ടാക്കടം വർധിച്ചതോടെ ആശുപത്രികളുടെ പക്കൽ മരുന്നു വാങ്ങാൻ പണമില്ലാതെയായി. ഇതോടെ പാവപ്പെട്ട രോഗികൾ സ്വകാര്യ ഫാർമസികളിൽ നിന്നു വാങ്ങേണ്ടി വരുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് മരുന്നുവാങ്ങാൻ പണമില്ലാതെ വിഷമിക്കുമ്പോഴും കെ.എം.എസ്.സി.എല്ലിന്റെ ധൂർത്തിനു യാതൊരു കുറവുമില്ല. കഴിഞ്ഞ വർഷം 19 ലക്ഷത്തിലധികം രൂപ മുടക്കി തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ കോർപ്പറേറ്റ് മെമ്പർഷിപ്പെടുത്തത് വിവാദമായിരുന്നു. കോർപറേഷന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് മദ്യപിക്കുന്നതിനും ഉല്ലസിക്കുന്നതിനുമാണ് നികുതിപ്പണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്. കോവിഡ് കാലത്ത് നിലവാരമില്ലാത്ത മരുന്നുകളും പിപിഇ കിറ്റുകളും ഉൾപ്പടെ വാങ്ങിക്കൂട്ടിയതിൽ കോടികളുടെ അഴിമതിയാണ് നടന്നത്.
സർക്കാർ ആശുപതികളിലെ സൗജന്യ മരുന്നു വിതരണത്തിനായി മരുന്നുവാങ്ങാൻ ഈ വർഷം 356 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കേവലം 71.28 കോടി മാത്രമാണ് കെ.എം.എസ്.സി.എല്ലിനു നൽകിയത്. സർക്കാർ ഫണ്ട് കൃത്യമായി കിട്ടാതായതോടെ കോർപറേഷന്റെ പ്രവർത്തനം താറുമാറായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here