വൈദ്യുതി പ്രതിസന്ധി: ഉന്നത തല യോഗം ഇന്ന്; പവർ കട്ട്, ചാർജ് വർധനയടക്കം ചർച്ചയാകും
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. ലോഡ് ഷെഡ്ഡിംഗ് വൈദ്യുതി ചാർജ് വർധനയടക്കമുള്ള കാര്യങ്ങളിൽ ചർച്ചയുണ്ടാകുമെങ്കിലും തീരുമാനങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമാക്കിയ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വിഷയം 21ന് ചേരുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെഎസ്ഇബി ചെയർമാൻ നൽകിയ റിപ്പോർട്ടാണ് പ്രധാനമായും ചർച്ച ചെയ്യുക.
ലോഡ് ഷെഡ്ഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെങ്കിലും ഓണക്കാലവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും പരിഗണിച്ച് തല്ക്കാലം കടുത്ത തീരുമാനം ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്.
ഈ മാസം കാര്യമായ മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് മന്ത്രി പറയുന്നത്. പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.
കെഎസ്ഇബിക്ക് പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്ന് വൈദ്യുതി മന്ത്രി പറയുന്നു. മഴ കുറഞ്ഞതും മൂന്ന് വിദേശ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദാക്കിയതും കേരളത്തിന് തിരിച്ചടിയായി. നഷ്ടം നികത്താൻ സർ ചാർജും പരിഗണനയിലുണ്ട്. ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യങ്ങളിലെല്ലാം നിർണായക ചർച്ചകൾ ഉണ്ടാകും. സെപ്റ്റംബറിൽ മഴ ശക്തമായില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here