‘ഗോഡ്ഫാദര്‍’ സംവിധായകനെതിരെ ലൈംഗികാരോപണം ‘ജൂനിയര്‍ നടിമാരെ ചുംബിച്ചു’; ‘മെഗാലോപോളിസ്’ സെറ്റില്‍ കപ്പോളയുടെ ലൈംഗികാതിക്രമം

പ്രമുഖ അമേരിക്കന്‍ സിനിമാ സംവിധായകന്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയ്‌ക്കെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മെഗാലോപോളിസിന്റെ അണിയറപ്രവര്‍ത്തകര്‍. കാന്‍ ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന മെഗാലോപോളിസിന്റെ ചിത്രീകരണ സമയത്ത് കപ്പോള വനിതകളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് അപമര്യാദയായി പെരുമാറിയെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 84കാരനായ ഫ്രാന്‍സിസ് കപ്പോള, അര്‍ധനഗ്നരായ ജൂനിയര്‍ നടിമാരെ തന്റെ മടിയിലേക്ക് വലിച്ചിട്ട് ചുംബിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പലപ്പോഴും ഒരു രംഗം പോലും ചിത്രീകരിക്കാതെ കപ്പോള മണിക്കൂറുകളോളം അണിയറ പ്രവര്‍ത്തകരെ കാത്തിരിപ്പിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നൈറ്റ് ക്ലബ്ബിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് കപ്പോളയുടെ ഭാഗത്തുനിന്നും പരിധിവിട്ട പെരുമാറ്റമുണ്ടായത്. സെറ്റിലെത്തി സംവിധായകന്‍ അര്‍ധനഗ്നരായി നില്‍ക്കുന്ന നടിമാരെ ചുംബിക്കുകയായിരുന്നു. അവരെ ചിത്രീകരിക്കുന്ന സന്ദര്‍ഭത്തിന്റെ മൂഡിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് തന്റേതെന്ന് കപ്പോള അവകാശപ്പെട്ടുവെന്നും ആരോപണമുന്നയിക്കുന്നവര്‍ പറഞ്ഞു. സ്ത്രീകളോടുള്ള പെരുമാറ്റ രീതിയില്‍ പലപ്പോഴും കപ്പോള്‍ ‘ഓള്‍ഡ് സ്‌കൂള്‍’ ആണെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആരോപണം. സ്ത്രീകളെ പിടിച്ച് മടിയില്‍ ഇരുത്തുന്നതുപോലുള്ള കാര്യങ്ങള്‍ അദ്ദേഹം ചെയ്യാറുണ്ടെന്നും അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞു.
അതേസമയം, മെഗാലോപോളിസിന്റെ എക്സിക്യൂട്ടീവ് കോ-പ്രൊഡ്യൂസര്‍ ഡാരന്‍ ഡിമീറ്റര്‍ ഈ ആരോപണങ്ങളെ എതിര്‍ത്ത് രംഗത്തെത്തി. കപ്പോളയ്‌ക്കെതിരെ പരാതിയുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് ഡാരന്‍ പ്രതികരിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here