‘പ്രതി ആലപ്പുഴ ഡിവൈഎസ്പി’; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ഗുരുതര പരുക്കേറ്റ മേഘയുടെ വെളിപ്പെടുത്തല്‍; നഷ്ടപരിഹാരം ആവശ്യപ്പെട്ടത് 50 ലക്ഷം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ കഴിഞ്ഞ ജനുവരി 15ന് പോലീസ് തിരഞ്ഞ് പിടിച്ച് ക്രൂരമായി മര്‍ദിച്ച ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്ത് ഇപ്പോഴും ചികിത്സയില്‍. കിടക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥ നേരിടുന്നതുകൊണ്ട് ഇന്നും മേഘ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ആലപ്പുഴ എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടയിലാണ് മേഘയ്ക്ക് പരുക്കേറ്റത്.
“പോലീസ് തന്നെ തിരഞ്ഞുപിടിച്ച് ലാത്തികൊണ്ട് ക്രൂരമായാണ് മര്‍ദിച്ചത്. എന്റെ ഒപ്പം നിന്ന പെണ്‍കുട്ടികള്‍ ആരെയും മര്‍ദിക്കാതെ എന്നെ തേടിയാണ് പോലീസ് എത്തിയത്- മേഘ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “കഴുത്തിനാണ് ലാത്തികൊണ്ടടിച്ചത്. ദേഹത്തും ലാത്തിയടിയേറ്റു. ആരാണ് മര്‍ദിച്ചതെന്ന് തിരിച്ചറിയാന്‍ ഫോട്ടോ കാണിച്ചപ്പോള്‍ ഞാന്‍ ഒരു ഒരു പോലീസുകാരനെ ചൂണ്ടിക്കാട്ടി. ആ ആള്‍ ആലപ്പുഴ ഡിവൈഎസ്പിയായിരുന്നുവെന്ന് പിന്നീടാണ് ഞാന്‍ മനസിലാക്കിയത്. ഹെല്‍മെറ്റിനുള്ളിലൂടെ ആളുടെ മുഖം കണ്ടിരുന്നു. എന്നെ മര്‍ദിച്ച ആള്‍ ഇതുവരെ എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. നേരിട്ട് കാണാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ അനുവദിക്കുകയുമില്ല. അത്രമാത്രം ഗുരുതരമായ പരുക്കാണ് എനിക്ക് ഏറ്റത്. സാമ്പത്തികമായും തകര്‍ന്നും പോയി.”-മേഘ പറഞ്ഞു.
“അടുത്തെങ്ങും ജോലിക്ക് പോകാന്‍ കഴിയുന്ന അവസ്ഥയിലല്ല. ഏക ആശ്രയമായ ബ്യൂട്ടി പാര്‍ലര്‍ ജനുവരി മുതല്‍ അടഞ്ഞുകിടക്കുകയാണ്. ഓരോ മാസവും ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് വരുന്നത്. അതുകൊണ്ടാണ് 50 ലക്ഷം നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഈ തുക ലഭിച്ചാല്‍ പോലും നഷ്ടം നികത്താന്‍ കഴിയാത്ത അവസ്ഥയാണ്. ” –
“ലാത്തികൊണ്ട് കഴുത്തിനേറ്റ അടി കാരണം അസ്ഥികള്‍ സ്ഥാനം തെറ്റി. ഞരമ്പിനും ക്ഷതമേറ്റു. 10 മിനിറ്റ് ഇരുന്നാല്‍ 10 മിനിറ്റ് കിടക്കണം. ജനുവരിക്ക് ശേഷം ഇതുവരെ എന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലര്‍ തുറന്നിട്ടില്ല. ഇത് കാരണം ഓരോ മാസവും ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. 25 ലക്ഷം രൂപയുടെ ലോണും മാസവാടകയും. ജോലിക്ക് പോകാനുള്ള അവസ്ഥയിലാകണമെങ്കില്‍ ഇനിയും മാസങ്ങളുടെ ചികിത്സ തുടരണം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്”.- മേഘ പറഞ്ഞു.
മര്‍ദനത്തെ തുടര്‍ന്ന് 50 ലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണ് മേഘ ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഒന്നുകില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക അല്ലെങ്കില്‍ സ്റ്റേറ്റ്മെന്റ് നല്‍കുക എന്ന നിര്‍ദേശമാണ് ജസ്റ്റിസ് ടി.ആര്‍.രവി സര്‍ക്കാരിന് നല്‍കിയത്.
മേഘയുടെ ഹര്‍ജി കഴിഞ്ഞ 22നാണ് ഹൈക്കോടതി പരിഗണിച്ചത്. ജസ്റ്റിസ് പി.ഗോപിനാഥന്‍റെ ബെഞ്ചിലാണ് ഹര്‍ജി വന്നത്. അന്ന് സര്‍ക്കാരിന്റെ വിശദീകരണം കോടതി തേടിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ പരിഗണിക്കാനായി മാറ്റിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. പക്ഷെ ഇത് തള്ളിയാണ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. അടുത്ത മാസം ഇരുപത്തിയഞ്ചിനാണ് കോടതി വീണ്ടും വാദം കേള്‍ക്കുന്നത്.
അതിഗുരുതരമായ പരുക്കുകളാണ് മേഘയ്ക്കുള്ളതെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മേഘ ചൂണ്ടിക്കാണിക്കുന്നത്. തലയ്ക്കും കഴുത്തിനും ഗുരുതര പരുക്കേറ്റു. കഴുത്തിലെ അസ്ഥികള്‍ സ്ഥാനം തെറ്റി. ഞരമ്പിനേറ്റ പരുക്ക് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെയും ബാധിച്ചു. പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ പോലും പരസഹായം വേണ്ട അവസ്ഥയാണ്. മാസങ്ങള്‍ ഇനിയും ചികിത്സയില്‍ തുടരേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഘടകം ആലപ്പുഴ എസ്പി ഓഫീസ് മാര്‍ച്ച് നടത്തിയത്. ലാത്തിച്ചാര്‍ജില്‍ ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് മേഘയെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതിനുശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചു. പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here