പള്ളിക്കുള്ളില്‍ അതിക്രമിച്ച് കടന്ന് ജയ്ശ്രീറാം വിളിച്ചു; മേഘാലയയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് എതിരെ കേസ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഹിന്ദുത്വ ശക്തികളുടെ ക്രൈസ്തവ വേട്ട ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പടരുന്നു. ബിജെപി സഖ്യകക്ഷി ഭരിക്കുന്ന മേഘാലയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ അള്‍ത്താരയില്‍ കയറി ഒരുസംഘം ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ഇത് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ 15 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടെന്ന് അവകാശപ്പെടുന്ന ആകാശ് സാഗറും രണ്ട് കൂട്ടുകാരും ചേര്‍ന്നാണ് പള്ളിക്കുള്ളില്‍ കടന്ന് ജയ് ശ്രീറാം വിളികള്‍ നടത്തിയത്.

ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തില്‍പ്പെട്ട എപ്പിഫനി (Epiphany) പളളിയിലാണ് ഈ അതിക്രമമുണ്ടായത്. പള്ളിക്കുള്ളില്‍ അതിക്രമിച്ചുകയറിയ ആകാശ് സാഗറും കൂട്ടരും അള്‍ത്താരക്ക് സമീപം നിന്ന് ‘ജയ് ശ്രീറാം’ വിളിക്കുകയും അതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയുമായിരുന്നു. ആള്‍ത്താരയില്‍ സ്ഥാപിച്ച മൈക്കിലൂടെയാണ് ഇയാള്‍ ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ക്രിസ്തുമതത്തെ അവഹേളിക്കുന്ന പരിഹാസമടങ്ങിയ ഗാനം ആലപിക്കുകയും ചെയ്തു. സംഭവത്തില്‍ ആകാശ് സാഗറിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ പൊലിസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി എന്നതുള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ അഞ്ജല രങ്ങാട്ട് എന്ന വനിതാ ആക്ടിവിസ്റ്റ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാന്‍ ബോധപൂര്‍വമാണ് പള്ളിയില്‍വച്ച് ജയ്ശ്രീറാം വിളിച്ചതെന്ന് അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണം നടക്കുകയാണെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൈനുര്‍സ്ല പൊലിസ് അറിയിച്ചു.
സംഭവത്തെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മ അപലപിച്ചിട്ടുണ്ട്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് വിള്ളല്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നടപടികളെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹിന്ദു സംഘടനയായ സെന്‍ട്രല്‍ പൂജാ കമ്മിറ്റിയും നടപടിയെ തള്ളിപ്പറഞ്ഞു. പള്ളിയില്‍ അതിക്രമിച്ച് കയറിയ വ്യക്തിക്കെതിരെ നിയമപ്രകാരം കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ഘടകവും ക്രിസ്ത്യന്‍ പള്ളിയിലെ ജയ് ശ്രീറാം വിളിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here