മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകള്‍ ആക്രമിച്ച് ജനക്കൂട്ടം; മണിപ്പൂർ സർക്കാരിന് പ്രതിഷേധക്കാരുടെ അന്ത്യശാസനം
മണിപ്പൂർ സർക്കാരിനെതിരായ ജന രോഷം ശക്തമാകുന്നു. സംസ്ഥാനത്ത് വീണ്ടും കലാപം രൂക്ഷമായ സാഹചര്യത്തിലാണ് ജനങ്ങൾ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി ബിരേൻ സിംഗിൻ്റെ വീട് ആക്രമിച്ച മെയ്തേയ് സമുദായക്കാരായ പ്രതിഷേധക്കാർ സർക്കാരിന് അന്ത്യശ്വാസനം നൽകി. 24 മണിക്കൂറിനകം കുക്കി കലാപകാരികൾ നടത്തുന്ന അക്രമം അടിച്ചമർത്തണമെന്ന താക്കീതാണ് നൽകിയിരിക്കുന്നത്.
ജരിബാമിലെ ബോറോബെക്ര പോലീസ് സ്റ്റേഷനിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിൽ നിന്നും കാണാതായ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മെയ്തേക് വിഭാഗക്കാർ ഇന്നലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചിരുന്നു. മൂന്ന് സ്ത്രീകളുടേയും മൂന്ന് കുട്ടികളുടേയും മൃതദേഹം ലഭിച്ചതിന് പിന്നാലെയാണ് സർക്കാരിനെതിരെ രോഷം ശക്തമായത്. എട്ടുമാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ഉൾപ്പെടെ ബരാക് നദിയിൽ നിന്നാണ് കണ്ടെത്തിയത്. നേരത്തേ കാണാതായ രണ്ട് പുരുഷൻമാരുടെ മൃതദേഹം സമീപത്തെ വീടുകളിൽ നിന്നും ലഭിച്ചിരുന്നു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജൻ സിംഗ്, പൊതുവിതരണ മന്ത്രി എൽ സുശീന്ദ്രോ സിംഗ് എന്നിവരുടെ വീടുകളിലേക്കും ജനങ്ങൾ ഇരച്ചു കയറി. മുഖ്യമന്ത്രി ബിരേൻ സിംഗിൻ്റെ മരുമകൻ ആർകെ ഇമോയുടെ വീട് ഉള്‍പ്പെടെ മൂന്ന് എംഎൽഎമാരുടെ വീടുകളും ആൾക്കൂട്ടം ആക്രമിച്ചു. മന്ത്രിമാരുടേയും നിയമസഭാംഗങ്ങളുടേയും വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയതോടെ വെസ്റ്റ് ഇംഫാലിൽ ഇന്നലെ വൈകീട്ട് 4.30 മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
Also Read: മണിപ്പൂരിൽ 11 കുക്കി വിഭാഗക്കാരെ വെടിവച്ചു കൊന്നു; പോലീസ് സ്റ്റേഷൻ ആക്രമിച്ച് കലാപകാരികൾ
ഇംഫാൽ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിൽ രണ്ട് ദിവസത്തേക്ക് ഇൻ്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ അധികൃതർ വിച്ഛേദിച്ചിരിക്കുകയാണ്. ബോറോബെക്ര പോലീസ് സ്റ്റേഷനിൽ കുക്കി കലാപകാരികൾ നടത്തിയ ആക്രമണത്തിന് ശേഷമാണ് സ്ത്രീകളെയും കുട്ടികളെയും കാണാതാവുന്നത്. സിആർപിഎഫുമായി തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പത്ത് കലാപകാരികളും കൊല്ലപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here