സർക്കാർ ചെലവിൽ അർമാദിക്കാൻ മൂന്ന് കമ്പനികൾക്ക് കൂടി ക്ലബ് അംഗത്വം; റിസർവ് ബാങ്ക് വരെ പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രത്തിലുള്ള മൂന്നു പൊതുമേഖല സ്ഥാപനങ്ങൾക്ക് തലസ്ഥാനത്തെ സമ്പന്നരുടെ ഉല്ലാസ കേന്ദ്രമായ ട്രിവാൻഡ്രം ക്ലബ്ബിൽ അംഗത്വം. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും നഷ്ടത്തിലോടുമ്പോഴാണ് ലക്ഷങ്ങൾ ചെലവാക്കി ഇത്തരം സ്ഥാപനങ്ങളിലെ എംഡിമാർക്കും ചെയർമാൻമാർക്കും കുടിച്ച് ചൂതാടാൻ സൗകര്യമൊരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം ആസ്ഥാനമായുള്ള കെൽട്രോൺ, കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് (കെഎസ്ഐഇ), കൊല്ലം കേന്ദ്രമായുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രിസ് ലിമിറ്റഡ് എന്നിവയാണ് ട്രിവാൻഡ്രം ക്ലബിൽ ഇൻസ്റ്റിറ്റ്യൂഷണൽ മെംബർഷിപ്പ് എടുത്തിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ. ഇവ മൂന്നും വ്യവസായ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ളവയാണ്.
ഇപ്പോൾ കമ്പനി ആണെങ്കിലും നേരത്തെ പൊതുമേഖലയിലായിരുന്ന വൈദ്യുതി ബോർഡിനും ക്ലബിൽ ഇൻസ്റ്റിഷണൽ ആംഗ്വതമുണ്ടെന്ന് ട്രിവാൻഡ്രം ക്ലബ് അധികൃതർ മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു.കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പൊതു മേഖലാസ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ ലാറ്റക്സ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയ്ക്കുമുണ്ട് ക്ലബിൽ അംഗത്വം.
ബാങ്കുകളും ആഡംബര ക്ലബ്ബിലെ അംഗത്വത്തിൽ പുറകിലല്ല. ബാങ്കുകളുടെ ബാങ്കായ റിസർവ്വ് ബാങ്കിനും സഹകരണ ബാങ്കുകളുടെ തല തൊട്ടപ്പനായ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിനും (കേരള ബാങ്ക്) അംഗത്വമുണ്ട്. തിരുവനന്തപുത്തെ കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ട്രിവാൻഡ്രം ക്ലബ്ബിൽ അംഗത്വമുള്ളവരാണ്. എസ് ബി ഐ യുമായി ലയിച്ചെങ്കിലും എസ്ബിടിക്ക് ഇപ്പോഴും ക്ലബിൽ അംഗത്വമുണ്ട്. ക്രിക്കറ്റ് അസോസിയേഷനും മാറിനിന്നിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷനും ക്ലബിലെ ഇൻസ്റ്റിറ്റ്യൂഷണൽ അംഗമാണ്.
10ലക്ഷം രൂപയും ജിഎസ്ടി യുമാണ് ഇപ്പോഴത്തെ ഇൻസ്റ്റിറ്റ്യൂഷണൽ അംഗത്വ ഫീസ്. 10ലക്ഷം രൂപയ്ക്കു രണ്ടു പേർക്കു അംഗത്വം ലഭിക്കും. ഒരാൾക്ക് മതിയെങ്കിൽ 7.5ലക്ഷവും ജി എസ് ടി യും മതിയാകും. 10വർഷത്തേക്കാണ് അംഗത്വം. ഈ കാലാവധി കഴിഞ്ഞാൽ അന്നത്തെ ഫീസ് നൽകി അംഗത്വം പുതുക്കണം.
സ്ഥാപനത്തെ ആരൊക്കെ പ്രതിനിധീകരിക്കണമെന്ന് അതതു സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. ക്ലബ് ഭാരവാഹികളെ രേഖാമൂലം അറിയിച്ചാൽ മതി. സ്ഥാപനത്തിന്റെ പേരിലാണെങ്കിലും അംഗങ്ങളായി വരുന്നവർക്ക് സാധാരണ അംഗങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കും. ബാർ, ഭക്ഷണ, താമസ സൗകര്യങ്ങൾ എല്ലാം കുറഞ്ഞ ചിലവിൽ ലഭിക്കും. അംഗങ്ങൾക്ക് ഒരു ദിവസത്തിന് 1650 രൂപ നിരക്കിലും അംഗങ്ങളുടെ അതിഥികൾക്ക് 2800 രൂപ നിരക്കിലും ഇവിടെ താമസ സൗകര്യവും ലഭിക്കും.
പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രിസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ എസ് ആർ വിനയകുമാർ ട്രിവാൻഡ്രം ക്ലബ്ബിൽ പണംവെച്ചുള്ള ചീട്ടു കളിക്ക് പോലീസ് പിടിയിലായിരുന്നു.5,60000 രൂപയാണ് വിനയകുമാറിൽ നിന്നും ഒപ്പമുണ്ടായിരുന്നവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രിസ് ലിമിറ്റഡിൻ്റെ ഇൻസ്റ്റിറ്റ്യൂഷണൽ അംഗത്വമുപയോഗിച്ചെടുത്ത അഞ്ചാം നമ്പർ കോട്ടേജിൽ നിന്നാണ് ചീട്ട് കളി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here