മെമ്മറികാര്‍ഡ് അന്വേഷണ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി; ആവശ്യം സെഷന്‍സ് കോടതി നിരസിച്ചത്; ഹര്‍ജികളില്‍ വിശദവാദം കേള്‍ക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് അന്വേഷണത്തിലെ വിശദ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. നേരത്തേ, സെഷന്‍സ് കോടതിയില്‍ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. ഈ ആവശ്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി വാങ്ങിയത്.

മൂന്ന് കോടതികളുടെ കസ്റ്റഡിയിൽ ഇരിക്കെ അങ്കമാലി മജിസ്ട്രേട്ട് അടക്കം മൂന്നുപേർ അനധികൃതമായി കാർഡ് കൈവശം വച്ചു, തുറന്നു കണ്ടു എന്നതാണ് ഇപ്പോഴത്തെ അന്വേഷണ റിപ്പോർട്ടിൻ്റെ ഉള്ളടക്കം. ആ കാര്യങ്ങളിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടാണ് ഇപ്പോൾ നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് അന്വേഷണം നടത്തിയത്. സെഷന്‍സ് കോടതിയിലെ ബെഞ്ച്‌ ക്ലാര്‍ക്ക് മെമ്മറി കാര്‍ഡ് വീട്ടില്‍ കൊണ്ടുപോയി പരിശോധിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ലൈംഗികാതിക്രമ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് മജിസ്‌ട്രേട്ട് വീട്ടില്‍ കൊണ്ടുപോയത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തിയിട്ടില്ല. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹര്‍ജി നല്‍കിയത്. അതിജീവിത നല്‍കിയ ഉപഹര്‍ജികളില്‍ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദവാദം കേള്‍ക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top