മെമ്മറി കാര്‍ഡ് കാണാനില്ല; മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക വഴിത്തിരിവ്; കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ദൃശ്യങ്ങളില്ലെന്ന് പൊലീസ്

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ട്വിസ്റ്റ്. ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ്. ദൃശ്യങ്ങളുളള മെമ്മറി കാര്‍ഡ് കാണാനില്ല. ബസില്‍ പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. മേയറുടെ ആരോപണങ്ങളടക്കം തെളിയിക്കാനുള്ള നിര്‍ണ്ണായക ദൃശ്യങ്ങളാണ് നഷ്ടമായിരിക്കുന്നത്.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടത്തിയത്. ബസ് ഓടിക്കുന്ന സമയത്ത് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും യൂണിയന്‍കാര്‍ എടുത്തുമാറ്റിയതാകാമെന്നും ഡ്രൈവര്‍ യദു പ്രതികരിച്ചു. പോലീസ് ഇക്കാര്യം അന്വേഷിക്കണമെന്നും യദു ആവശ്യപ്പെട്ടു.

ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ അപകടകരമായി ഓവര്‍ടേക്ക് ചെയ്തിരുന്നോ, മേയര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചിരുന്നോ തുടങ്ങിയ ആരോപണങ്ങള്‍ക്കെല്ലാം വ്യക്തതയുണ്ടാക്കാവുന്ന ദൃശ്യങ്ങളാണ് നഷ്ടമായിരിക്കുന്നത്. മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ പ്രത്യേക അന്വേഷണം നടത്താന്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി എംഡിക്കാണ് അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.

സ്വകാര്യ കാറില്‍ സഞ്ചരിക്കുന്നതിനിടെ പിഎംജിയില്‍ വച്ച് ലൈഗിംക ചുവയുളള ആഗ്യം കാണിച്ചതായും അപകടകരമായി ബസ് ഓടിച്ചുവെന്നും ആരോപിച്ചാണ് മേയറും സംഘവും ബസ് തടഞ്ഞത്. നടുറോഡില്‍ സീബ്രാലൈനില്‍ കാര്‍ കുറുകെയിട്ടായിരുന്നു ബസ് തടഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മേയറുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. മേയര്‍ക്കും എംഎഎക്കും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top