മേയര്‍ തടഞ്ഞ ബസിലെ മെമ്മറി കാര്‍ഡ് കാണാതായതില്‍ പോലീസ് കേസെടുത്തു; നടപടി കെഎസ്ആര്‍ടിസിയുടെ പരാതിയില്‍; അന്വേഷണം ഇനി മെമ്മറി കാര്‍ഡിന് പിന്നാലെ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സംഘവും കെഎസ്ആർടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട സംഭവത്തില്‍ നിർണായകമായ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഗതാഗത മന്ത്രി ഗണേഷ് കുമാർ നൽകിയ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന് പരാതി നൽകിയത്.
തമ്പാനൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് മേയര്‍ തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ പരാതി നല്‍കിയിട്ടും അനങ്ങാതിരുന്ന പോലീസ് ഇപ്പോള്‍ ആ പരാതിയിലും കേസെടുത്തിട്ടുണ്ട്.
ബസ് തടഞ്ഞിട്ടത് വിവാദമായപ്പോള്‍ മെമ്മറി കാർഡ് ആരോ എടുത്തുമാറ്റിയതാണെന്ന് വ്യക്തമാണ്. മറ്റ് ബസുകളിലെ മെമ്മറി കാര്‍ഡുകള്‍ അങ്ങനെ തന്നെ ഇരിപ്പുണ്ട്. മെമ്മറി കാര്‍ഡ് കാണാതാകും എന്ന് അറിയാമായിരുന്നുവെന്നാണ് ഡ്രൈവര്‍ യദു പ്രതികരിച്ചത്. മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിർണായകമാണ്.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. എന്നാൽ പരിശോധനയ്ക്ക് എത്തിച്ച ബസിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല. ഇത് ദുരൂഹമാണ്.
സൈബര്‍ ആക്രമണത്തിന് എതിരെ മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സൈബർ ആക്രമണം, ഔദ്യോഗിക ഫോൺ നമ്പറിലെ വാട്സാപ്പിൽ അയച്ച അശ്ലീല സന്ദേശം എന്നിവയ്ക്കെതിരെയാണ് പൊലീസ് കേസ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here