ജാവലിനായി സർക്കാരിനോട് കെഞ്ചിയ അർഷദ്; സഹായിച്ചവരില്‍ നീരജും; ആത്മവിശ്വാസം മാത്രം ഭക്ഷിച്ച് നേടിയ സ്വർണത്തിന്‍റെ കഥ

വയറ് നിറച്ച് ഒരു നേരത്തെ ആഹാരമോ, നല്ലൊരു ജാവലിൻ വാങ്ങാന്‍ പണമോ ഇല്ലാത്ത മുഴു പട്ടിണിക്കാരനായ അർഷദ് നദീം പാരീസിൽ ജാവലിൻ ത്രോയിൽ നേടിയ സ്വർണത്തിന് അതിജീവനത്തിൻ്റെ കഥയാണ് പറയാനുള്ളത്.

ഇല്ലായ്മകളുടെ ദൂരം മറികടക്കാനാവാതെ മിക്ക കായിക താരങ്ങളും പാതിവഴിയിൽ വീണുപോകുമ്പോള്‍ ആത്മധൈര്യം കൊണ്ട് മാത്രമാണ് അർഷദ് 92. 57 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ് സ്വർണം നേടിയത്. 16 വർഷം പഴക്കമുള്ള 90.57 മീറ്റർ ദൂരത്തിൻ്റെ റെക്കോർഡാണ് ഈ പാകിസ്ഥാനി എറിഞ്ഞു വീഴ്ത്തിയത്. പാകിസ്ഥാൻ്റെ ചരിത്രത്തിൽ ആദ്യമായാണ് അത്ലറ്റിക്സിൽ ഒരു സ്വർണം നേടുന്നത്.

ഫൈനലിൽ എത്തിയ എട്ടു പേരിൽ ജുലിയാൻ വെബർ എറിത്ത 84.09 മീറ്റർ ദൂരമായിരുന്നു അതുവരെ ഏറ്റവും മികച്ച ത്രോ ആയി കരുതിയത്. അർഷദ് തൻ്റെ രണ്ടാമത്തെ ചാൻസിൽ 91.79 മീറ്റർ ദൂരമെറിഞ്ഞു. അതിന് മുമ്പെറിഞ്ഞ ഇന്ത്യയുടെ നീരജ് ചോപ്രയുടെ 84.49 മീറ്റർ നിഷ്പ്രയാസം മറികടന്നു.

സാമ്പത്തികമായി തകർന്നടിഞ്ഞു നിൽക്കുന്ന പാകിസ്ഥാനിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുത്ത ഏഴ് കായിക താരങ്ങൾക്ക് മാത്രമാണ് സർക്കാർ വിമാന ടിക്കറ്റ് നല്കിയത്. നദീമിൻ്റെ രണ്ടാമത്തെ ഒളിമ്പിക്സായിരുന്നു പാരിസിലേത്. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുമ്പോൾ സ്വന്തം പോക്കറ്റിലെ കാശ് മുടക്കിയാണ് മത്സരത്തിൽ പങ്കെടുത്തത്. ഒളിമ്പിക്സ് മത്സരം നടക്കുന്നതിന് ഏതാനും മാസം മുമ്പ് തനിക്ക് പുതിയൊരു ജാവലിൻ വാങ്ങിത്തരണമെന്ന് അധികൃതരോട് കേണപേക്ഷിച്ചിരുന്നു. സോഷ്യൽ മീഡീയയിലെ അദ്ദേഹത്തിൻ്റെ പോസ്റ്റ് കണ്ട് നിരവധി പേർ സഹായവുമായി എത്തി. നീരജ് ചോപ്രയും നദീമിൻ്റെ പോസ്റ്റ് ഷെയർ ചെയ്യുകയും അദ്ദേഹത്തെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. നദീമിൻ്റെ അയൽവാസികളും സുഹൃത്തുക്കളും ചേർന്നാണ് യാത്രയ്ക്കുള്ള സഹായങ്ങൾ നല്കിയത്.

ക്രിക്കറ്റ്, ഹോക്കി, ഫുട്ബോൾ, കബഡി എന്നു വേണ്ട ഒരുമാതിരിപ്പെട്ട എല്ലാ കായിക ഇനങ്ങളിലും കൈ വെച്ച് നോക്കിയ നദീം ഒടുക്കം ജാവലിനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. വീടിൻ്റെ പിൻഭാഗത്തുള്ള തുറസായ സ്ഥലത്തായിരുന്നു ആദ്യ കാല പരിശീലനം. അന്നത്തെ ആഹാരത്തിനുള്ള വഴി പോലും ഇല്ലാത്ത വീട്ടിലെ അംഗമായ നദീമിൻ്റെ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് വിക്ടറി സ്റ്റാൻഡിലെത്തി സ്വർണം നേടാൻ പ്രാപ്തനാക്കിയത്. പിതാവ് മുഹമ്മദ് അഷറഫിൻ്റെ തുച്ഛമായ വരുമാനത്തിൽ നിന്നാണ് ഒരു നേരത്തെ വിശപ്പടക്കിയിരുന്നത്. കാലി വയറുമായിട്ടായിരുന്നു പ്രാക്ടീസും മറ്റും നടത്തിയിരുന്നത്. ജാവലിൻ എറിയുന്ന താരങ്ങളെ സാധാരണയായി പിടികൂടുന്ന മുട്ടുവേദനയ്ക്കും തോൾ വേദനയ്ക്കും പല വട്ടം സർജറിക്കും വിധേയനായിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഈ വർഷം ഫെബ്രുവരിയിലായിരുന്നു മുട്ടിന് സർജറി നടന്നത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഘനേവാൾ ഗ്രാമത്തിൽ ജനിച്ച് കടുത്ത ദാരിദ്രത്തോട് പടവെട്ടി സ്വർണം നേടിയ നദീം ലോകത്തെ എല്ലാ കായിക താരങ്ങൾക്കും പ്രചോദനമാണ്. രണ്ട് കുട്ടികളുടെ പിതാവായ നദീമിൻ്റെ നേട്ടത്തിൽ ആഹ്ലാദം പങ്കിടാൻ ഗ്രാമവാസികൾ ഒന്നടങ്കം വീട്ടിലെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top