പുന്നപ്ര-വയലാറിലും ശുദ്ധ-അശുദ്ധി വിവാദം, ദീപശിഖാ റാലിയില്‍ നിന്ന് ആര്‍ത്തവത്തിന്റെ പേരില്‍ വനിതകളെ മാറ്റി നിര്‍ത്തി; പരാതിയുമായി എഐവൈഎഫ്, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പോരാടുമെന്ന് പരാതി നല്‍കിയ ജി.സുബീഷ്

ആലപ്പുഴ : കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിപ്ലവ മണ്ണായ പുന്നപ്ര-വയലാറിലും സ്ത്രീകള്‍ക്ക് ആര്‍ത്തവത്തിന്റെ പേരില്‍ വിലക്കെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് പരാതി നല്‍കിയ എഐവൈഎഫ് നേതാവ് ജി.സുബീഷ്. പുന്നപ്ര വയലാര്‍ ദിനാചരണത്തിന്റെ ഭാഗമായുള്ള ദീപശിഖാ റാലിയില്‍ നിന്നാണ് വനിതകളെ പൂര്‍ണ്ണമായും ഇത്തവണ മാറ്റി നിര്‍ത്തിയത്. ഇതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നല്‍കിയതായി എഐവൈഎഫ് ആമ്പലപ്പുഴ മണ്ഡലം കമ്മറ്റി സെക്രട്ടറി ജി.സുബീഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ 60 ശതമാനവും വനിതകളാണ് ദീപശിഖയും വഹിച്ചുളള യാത്ര നടത്താറ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ദീപശിഖ ഭദ്രദീപമാണെന്നും അതുമായി ഓടേണ്ടത് ശുദ്ധിയോടെ ചെയ്യോണ്ട കാര്യമാണെന്നും ചൂണ്ടികാട്ടിയാണ് വനിതകളെ വിലക്കിയിരിക്കുന്നത്. ഇത്തരം പ്രാകൃതമായ മാറ്റി നിര്‍ത്തലുകള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകിതിരിക്കാനാണ് പരാതിയുമായി രംഗത്തെത്തിയതെന്ന് സുബീഷ് പറയുന്നു.

അശുദ്ധിയുടെ പേരില്‍ മാറ്റി നിര്‍ത്തണമെന്ന് പറഞ്ഞത് സിപിഎം വനിതാ നേതാവ്

പുന്നപ്ര-വയലാര്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ദീപശിഖാ റാലിയില്‍ നിന്നും അശുദ്ധിയുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് സിപിഎം പ്രദേശിക വനിതാ നേതാവാണെന്ന് ജി.സുബീഷ്. ദീപശിഖാ റാലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് ലോക്കല്‍ കമ്മറ്റിയംഗമായ വനിത ഇത്തരമൊരു വാദം മുന്നോട്ട് വച്ചത്. യോഗത്തിലുണ്ടായിരുന്ന സിപിഎം ഏര്യ കമ്മറ്റിയംഗങ്ങളായ നേതാക്കളാരും ഇതിനെ എതിര്‍ത്തില്ല. സ്ത്രീ വിരുദ്ധമായ ഈ നിലപാട് തിരുത്താനും ആരും തയാറായില്ലെന്നും സുബീഷ് പറയുന്നു. പുന്നപ്ര റിലേ കമ്മറ്റി ചെയര്‍മാനായതിനാല്‍ യോഗത്തില്‍ പങ്കെടുത്ത താന്‍ മാത്രമാണ് ഈ നിലപാടിനെതിരെ എതിരഭിപ്രായം ഉന്നയിച്ചത്. മുന്‍ വര്‍ഷങ്ങളിലൊന്നും ഇല്ലാത്ത അശുദ്ധി ഇപ്പോള്‍ അംഗീകരിക്കില്ലെന്നും എഐവൈഎഫ് വനിതകള്‍ ദീപശിഖയുമായി ഓടുമെന്നും യോഗത്തില്‍ അറിയിച്ചതായും സുബീഷ് പറഞ്ഞു. ഇതിനു ശേഷം മറ്റ് ചര്‍ച്ചകളൊന്നും ഉണ്ടാകാത്തതിനാല്‍ എഐവൈഫ് വനിതകളെ ഇതിനായി തയാറാക്കുകയും ചെയ്തിരുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും സിപിഎം വനിതകളെ പങ്കെടുപ്പിച്ചില്ല

എഐവൈഫിന്റെ വനിതാ പ്രവര്‍ത്തകര്‍ക്ക് ദീപശിഖ നല്‍കണമെന്ന് പലതവണ റാലിക്കിടെ ആവശ്യപ്പെട്ടെങ്കിലും സിപിഎം നേതാക്കള്‍ തയാറായില്ലെന്ന് സുബീഷ് പറയുന്നു. റാലിയുടെ ആരംഭം മുതല്‍ പുരുഷന്‍മാരായിരുന്നു ദീപശിഖയേന്തിയത്. ഇതില്‍ വനിതാ പ്രവര്‍ത്തകര്‍ പരാതി പറഞ്ഞപ്പോള്‍ നല്‍കാം എന്ന് മാത്രമായിരുന്നു മറുപടി. എന്നാല്‍ പുന്നപ്രയിലെ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച് പുന്നപ്ര തെക്ക് വടക്ക് പഞ്ചായത്തുകള്‍ ചുറ്റിയെത്തുന്ന റാലിയുടെ ഇടയിലൊന്നും ദീപശിഖ വനിതകള്‍ക്ക് കൈമാറിയില്ല. അവസാനഘട്ടം വരെ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ചെവിക്കൊള്ളാന്‍ തായാറായില്ല. കൊടിയുമായി ഓടിയാണ് വനിതാ പ്രവര്‍ത്തകര്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഇത് അങ്ങേയറ്റം പ്രാകൃതമായ നിലപാടാണെന്ന് സുബീഷ് പറഞ്ഞു.

കമ്യൂണിസ്റ്റുകാരിലെ ആര്‍എസ്എസ് മനസ് തിരിച്ചറിയണം

പൊതുവേദികളില്‍ വിപ്ലവം പറയുന്നവരിലെ ആര്‍എസ്എസ് മനസ് വ്യക്തമാക്കുന്നതാണ് പുന്നപ്രയിലെ സംഭവമെന്ന് സുബീഷ്. രാഷ്ട്രപതിയെ പാര്‍ലമെന്റ് ഉദ്ദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാത്തതിനെ വിമര്‍ശിക്കുന്നവര്‍ തന്നെയാണ് സ്ത്രീകളെ അശുദ്ധി പറഞ്ഞ് മാറ്റി നിര്‍ത്തുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകുന്നത്. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍, ജില്ലാസെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പരാതി ഇമെയിലായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദീപശിഖാ റാലിയുടെ 60 ശതമാനവും വനിതകളാണ് ഓടിയത്. മുന്‍വര്‍ഷങ്ങളില്ലാത്ത ഈ അശുദ്ധി ഇപ്പോള്‍ വന്നതില്‍ പരിശോധന വേണം. സംഘടനാ നടപടിയും സ്വീകരിക്കണം. ഇത്തരം പ്രാകൃത രീതികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പോരാട്ടമെന്നും സുബീഷ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top