മെൻ്റൽ ഹെൽത്ത് അതോറിറ്റിയോട് സഹകരിക്കാതെ വകുപ്പിലെ ഉദ്യോഗസ്ഥർ; തുറന്നു പറഞ്ഞ് മാനസികാരോഗ്യ വിദഗ്ധൻ ഡോ. സി.ജെ.ജോൺ
കേരളത്തിലെ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അവസ്ഥ എന്താണ്? മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അവസാന യോഗത്തിന് ശേഷം എടുത്ത ചിത്രം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത ശേഷം പ്രമുഖ സൈക്യാട്രിസ്റ്റായ ഡോ. സി.ജെ.ജോൺ എഴുതിയ കുറിപ്പ് അര്‍ത്ഥവത്താണ്.
കേരളത്തിന്റെ മാനസികാരോഗ്യ പരിപാലനത്തിന്റെ നിലവിലുള്ള അവസ്ഥയാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. പല ഉദ്യോഗസ്ഥരും മെന്റൽ ഹെൽത്ത് അതോറിറ്റിയിലെ അംഗങ്ങളുടെ വൈദഗ്ധ്യം സ്വീകരിക്കാൻ മടിച്ചു. മെന്റൽ ഹെൽത്ത് കെയർ ആക്ട് ഒന്ന് വായിക്കണേ എന്ന് ഒരു പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്ത് അപേക്ഷിക്കേണ്ടി വന്നു എന്നും അദ്ദേഹം എഴുതുന്നു.
ഓരോ മാനസികാരോഗ്യ സ്ഥാപനത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള ഡോക്യുമെന്റ് തയ്യാറാക്കിയിട്ടും ഒരു നടപടിയും പിന്നീട് വന്നില്ല. മെന്റൽ ഹെൽത്ത് കെയർ ആക്ട് അനുശാസിക്കുന്ന ഏറ്റവും ഉയർന്ന സംവിധാനമായ മെന്റൽ ഹെൽത്ത് അതോറിറ്റി ഇപ്പോഴും പുനസംഘടിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഡോ. സി.ജെ. ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അവസാന യോഗത്തിന് ശേഷം എടുത്ത ചിത്രം. മനസികാരോഗ്യവുമായി ബന്ധമുള്ള മേഖലകളിൽ അനുഭവജ്ഞാനം ഉള്ളവരായിരുന്നു എല്ലാവരും .എന്നിട്ടും പല ഉദ്യോഗസ്ഥരും മെന്റൽ ഹെൽത്ത് അതോറിറ്റിയിലെ അംഗങ്ങളുടെ വൈദഗ്ധ്യം സ്വീകരിക്കാൻ മടിച്ചു.
സ്വതന്ത്രവും മെന്റൽ ഹെൽത്ത് കെയർ ആക്ടിന് അനുസൃതവുമായി കാര്യങ്ങൾ പറയുമെന്നതായിരുന്നു പ്രശ്നം. പലപ്പോഴും ഹൈക്കോടതി ഇടപെടലുകൾ വേണ്ടി വന്നു. മൂന്ന് മാസത്തിലൊരിക്കൽ അതോറിറ്റി കൂടണമെന്ന നിബന്ധനക്ക് നേരെയും കണ്ണടച്ചു. മെന്റൽ ഹെൽത്ത് കെയർ ആക്ട് ഒന്ന് വായിക്കണേയെന്ന് ഒരു പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്ത് ഒരിക്കൽ അപേക്ഷിക്കേണ്ടിയും വന്നിട്ടുണ്ട് . മന്ത്രി വീണ ജോർജ് മാത്രമാണ് അനുഭാവപൂർവം കേട്ടത്.
തനത് ഫണ്ട് ഉണ്ടായിട്ടും സിറ്റിംഗ് ഫീയോ, ട്രാവൽ അലവൻസോ ആർക്കും നൽകിയില്ല. ഇതൊന്നും പരിഗണിക്കാതെ സ്ഥിരം ജോലിയൊക്കെ ഒഴിവാക്കി മിക്കവാറും എല്ലാവരും യോഗങ്ങളിൽ മാനസികാരോഗ്യ പരിപാലനമെന്ന ലക്ഷ്യത്തിനായി അർപ്പണ മനോഭാവത്തോടെ പങ്കെടുത്തു. ശ്രദ്ധാപൂർവം കേൾക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉണ്ടായപ്പോൾ ഓരോ മാനസികാരോഗ്യ സ്ഥാപനത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള ഡോക്യുമെന്റ് ഏറെ ചർച്ചകൾക്ക് ശേഷം മെന്റൽ ഹെൽത്ത് അതോറിറ്റി തയ്യാറാക്കി. അതാണ് പോയ വർഷം നവംബർ മാസത്തിലെ അവസാന യോഗത്തിൽ ഉണ്ടായത്.
ഒരു വർഷം കഴിഞ്ഞിട്ടും അനന്തര നടപടി ആയിട്ടില്ല. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. മെന്റൽ ഹെൽത്ത് കെയർ ആക്ട് അനുശാസിക്കുന്ന ഏറ്റവും ഉയർന്ന സംവിധാനമായ മെന്റൽ ഹെൽത്ത് അതോറിറ്റി ഇപ്പോഴില്ല. ആക്ട് അനുശാസിക്കുന്ന വിധത്തിൽ അതോറിറ്റി പുനഃസംഘടിപ്പിക്കണമെന്ന നിർദ്ദേശം നവംബറിൽ തന്നെ വച്ചതാണ്.
യോഗം കൂടിയിട്ട് വർഷം ഒന്ന്. ഭാഗ്യവശാൽ റിവ്യൂ ബോർഡുകൾ സ്ഥാപിതമായി. അത് നടപ്പിലായ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മെമ്പർമാരെ നിശ്ചയിച്ചിട്ട് വർഷം ഒന്ന് കടന്നതിന് ശേഷമാണ് നടപ്പിലായത് .അതും ഹൈക്കോടതി കണ്ണുരുട്ടിയപ്പോൾ . മിനിമം സൗകര്യങ്ങളെ കുറിച്ചുള്ള ഒരു രേഖയും ഇല്ലാതെയാണ് കേരളത്തിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന വൈരുധ്യവും നില നിൽക്കുന്നു. ദൈനംദിന കാര്യങ്ങൾ നിറവേറ്റാൻ കോമൺസെൻസുള്ള ഒരു ഉദ്യോഗസ്ഥൻ ഉണ്ടെന്നത് ആശ്വാസം .
വെൽഫെയർ കാര്യങ്ങളിൽ എല്ലാ സർക്കാരുകളുടെയും സ്പീഡ് ഇങ്ങനെയാണെന്ന് അറിവുള്ളവർ ആശ്വസിപ്പിക്കുന്നു. പറച്ചിലിൽ എന്നാൽ അങ്ങനെയല്ല .
(ഡോ. സി. ജെ .ജോൺ)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here