‘കോടികളെക്കാൾ വിലയുള്ള പലതുമുണ്ട്’; മെറ്റയിലെ ജോലി ഉപേക്ഷിച്ച് യുവാവ്

ലോകത്തിലെ മികച്ച ടെക് കമ്പനികളിൽ ഉയർന്ന ശമ്പളമുള്ള ജോലിയിൽ പ്രവേശിക്കുന്നത് പലപ്പോഴും വിജയത്തിന്റെ പരകോടിയായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ എറിക് യുവി എന്ന 28കാരന്റെ കഥ ഓർമപ്പെടുത്തുന്നത് മറ്റെന്തിലും വലുതാണ് മാനസികാരോഗ്യമെന്ന യാഥാർഥ്യത്തെയാണ്. 28-ാം വയസ്സിൽ, ടെക് വ്യവസായത്തിലെ പ്രൊഫഷണലുകൾ അഭിമുഖീകരിക്കുന്ന വലിയ സമ്മർദ്ദത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചതിന് ശേഷം, ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കാനുള്ള ധീരമായ തീരുമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് എറിക്.

മാർക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ മെറ്റയിലെ സോഫ്റ്റ്​വെയർ എഞ്ചിനീയറായ അദ്ദേഹം, മൂന്ന് കോടി ശമ്പളം വാഗ്ദാനം ചെയ്യുന്ന ഹൈ-ഫൈ ജോലി വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിലാണ് എറിക്കിന്റെ വെളിപ്പെടുത്തൽ

ജോലി തന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി കണ്ടതോടെയാണ് എറിക് മെറ്റ വിടുന്നത്. മെറ്റയ്ക്കു വേണ്ടി കോഡ് ഡെവലപ് ചെയ്യലാണ് എറിക്കിന്റെ ജോലി. ദീർഘമായ മണിക്കൂറുകൾ, അവധിപോലുമില്ലാതെ ഏറെ കാലമായി എറിക് മെറ്റയിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ പാനിക് അറ്റാക്ക് വന്നതോടെയാണ് എല്ലാം അവസാനിപ്പിക്കണമെന്ന് ചിന്ത വരുന്നത്. ഹൃദയം അതിവേഗത്തിൽ മിടിക്കുന്നതും ചെവിയിൽ അത് മുഴങ്ങിക്കേൾക്കുന്നതുമൊക്കെ താൻ ഇപ്പോഴും ഓർക്കുന്നതായി എറിക് പറയുന്നു.

‘ഇതുപോലൊരു ജോലി എന്റെ ജീവിത ലക്ഷ്യമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ അതിനായി ഞാൻ കഠിനാധ്വാനം ചെയ്തു. ഒടുവിൽ സ്വപ്നം സാക്ഷാത്കരിച്ചതായി എനിക്ക് തോന്നി. എന്നാൽ, തൊഴിലിടം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഫേസ്ബുക്ക് / ഗൂഗിൾ എന്ന ആശയക്കുഴപ്പിലായിരുന്നു ഞാൻ. അക്കാലത്ത്, ഫേസ്ബുക്ക് ഒരു സ്റ്റാർട്ടപ്പ് പോലെയാണ്, ഗൂഗിളിനേക്കാൾ ‘കോർപ്പറേറ്റ്’ സ്വഭാവവും കുറവായിരുന്നു. എനിക്ക് അവരുടെ കാമ്പസിനോടാണ് കൂടുതൽ ഇഷ്ടം തോന്നിയത്. അങ്ങനെ ഞാൻ ഫേസ്ബുക്ക് തിരഞ്ഞെടുത്തു,’’ അഭിമുഖത്തിൽ എറിക് പറയുന്നു.

എറിക് പറയുന്നതു പ്രകാരം 2019 നവംബറിലാണ് അദ്ദേഹത്തിന് ആദ്യമായി പാനിക് അറ്റാക്ക് സംഭവിക്കുന്നത്. അതേക്കുറിച്ച് എറിക്കിന്റെ വാക്കുകൾ ഇങ്ങനെ:

“സമയം ഏകദേശം 4 മണി ആയിരുന്നു, എന്റെ ഇടത് കൈയ്യിലെ ചെറുവിരൽ പൂർണ്ണമായും മരവിച്ചു. ആദ്യം, ഞാനത് അവഗണിച്ചു, പക്ഷെ അത് കൂടുതൽ വഷളായി. ഒരു മണിക്കൂറിനുള്ളിൽ, എന്റെ ചെവികളിൽ എന്തോ ഒരു ശബ്ദം മുഴങ്ങാൻ തുടങ്ങി, എന്റെ ഹൃദയമിടിപ്പ് വർധിച്ചു.”

കാമുകി വാണ്ടയുടെ പിന്തുണയോടെ, മെറ്റയിലെ പ്രതിവർഷം 3 കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിക്കാനുള്ള ധീരമായ തീരുമാനം എറിക് യു സ്വീകരിച്ചു. ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കുക എന്നതു മാത്രമായിരുന്നില്ല എറിക്കിന്റെ തീരുമാനം. സാമ്പത്തിക ഭദ്രതയേക്കാൾ തന്റെ മാനസികവും വൈകാരികവുമായ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പായിരുന്നു അത്.

“എന്റെ ജീവിതകാലം മുഴുവൻ മെറ്റയിൽ തുടരുന്നത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമായിരുന്നു. പക്ഷെ അത് എനിക്ക് അനുയോജ്യമല്ലെന്ന് എനിക്കറിയാമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top