“കുട്ടികളെ വഴിതെറ്റിക്കുന്നത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും”; ആരോപണത്തില്‍ നടപടിയുമായി മെറ്റ

സമൂഹമാധ്യമങ്ങളില്‍ വരുന്ന എല്ലാ പോസ്റ്റുകളും ഇനി കൗമാരക്കാരിലേക്ക് എത്തില്ല. പ്രായത്തിന് അനുയോജ്യമായ ചിത്രങ്ങളും വീഡിയോകളും മാത്രം അത്തരക്കാരുടെ ഫീഡിലേക്ക് നല്‍കാനാണ് ഈ മാറ്റം. ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയാണ് സ്വയം നിയന്ത്രിക്കാനുള്ള തീരുമാനത്തിനു പിന്നില്‍. വരും ആഴ്ചകളില്‍ കൗമാരക്കാരുടെ മെറ്റാ പ്ലാറ്റ്ഫോമുകളില്‍ ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

വയലന്‍സ്, ആത്മഹത്യ, ഭക്ഷണക്രമക്കേടുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമാണ് കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ മെറ്റ സ്വയം നിയന്ത്രിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ സെര്‍ച്ച് ഓപ്ഷനില്‍ നിന്നും നീക്കം ചെയ്യും. നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ പ്രൈവസി ക്രമീകരണങ്ങളില്‍ അപ്ഡേറ്റ് ചെയ്യാന്‍ മെറ്റ അറിയിപ്പ് നല്‍കും.

കുട്ടികളെ അടിമപ്പെടുത്തുന്ന തരത്തില്‍ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും രൂപകല്‍പ്പന ചെയ്ത്, യുവതലമുറയെ ബോധപൂര്‍വ്വം മാനസിക പ്രതിസന്ധിയില്‍ ആക്കുകയാണെന്ന് ആരോപിച്ച്, അമേരിക്കയില്‍ 40ലേറെ സംസ്ഥാനങ്ങളില്‍ മെറ്റയ്ക്കെതിരെ ഉണ്ടായ കേസുകളുടെ സാഹചര്യത്തിലാണ് ഈ തീരുമാനം.

കൗമാരക്കാര്‍ ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ സൈൻ അപ്പ് ചെയ്യുമ്പോൾ അവരുടെ പ്രായം കൃത്യമായി നല്‍കിയാല്‍ ഇങ്ങനെ നിയന്ത്രിതമായി സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ സാധിക്കും. ഇതിലൂടെ അവര്‍ ഫോളോ ചെയ്യുന്ന മറ്റ് അക്കൗണ്ടുകളില്‍ നിന്ന് പ്രായത്തിനു ഉചിതമല്ലാത്തവ ഷെയര്‍ ചെയ്താലും കാണാന്‍ സാധിക്കില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top