വീശിയടിക്കാന്‍ ‘ദാന’; കേരളത്തിലും ശക്തമായ മഴ; മുന്നറിയിപ്പില്‍ മാറ്റം

ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷയിലെ പുരിയുടെയും പശ്ചിമബം​ഗാളിലെ സാ​ഗർ ദ്വീപിനും ഇടയിൽ ദാന ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലും ബം​ഗാളിലും ജാഗ്രത കർശനമാക്കി.

ഒഡിഷയിൽ സുരക്ഷാ ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് മോഹൻ ചരൺ മാജി അറിയിച്ചു. ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡിഷ മുഖ്യമന്ത്രി അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന സാഹചര്യം നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമാണെന്നും ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് 6 മുതല്‍ 15 മണിക്കൂര്‍ സമയത്തേക്കാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. കിഴക്കന്‍, തെക്ക് കിഴക്കന്‍ റെയില്‍വയുടെ കീഴിലുള്ള നിരവധി ട്രെയിന്‍ സര്‍വീസുകളും ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ മഴമുന്നറിയിപ്പിൽ കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. ദാന ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 7 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്നലെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തെക്കന്‍ ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top