നർത്തകിയിൽ നിന്ന് നായികയിലേക്ക് മേതിൽ ദേവിക
നർത്തകിയിൽ നിന്ന് നായികയിലേക്ക് മേതിൽ ദേവിക മാറുന്നു. എണ്ണം പറഞ്ഞ എത്രയോ സംവിധായകർ പലവട്ടം ശ്രമിച്ചിട്ടും ഇളക്കാനാകാതെ പോയ ആ കടുത്ത തീരുമാനത്തെ പുതുമുഖ സംവിധായകനായ വിഷ്ണു മോഹൻ തിരുത്തി. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കഥ ഇന്നുവരെ’ യിലാണ് മേതിൽ ദേവിക നായികയായി എത്തുന്നത്.
സംവിധായകൻ വിഷ്ണു ഒരു വർഷം പുറകേ നടന്ന ശേഷമാണ് ദേവിക അഭിനയിക്കാൻ സമ്മതം മൂളിയത്. ഈ ഒരു വർഷത്തിൽ ഏറ്റവും മികച്ച തിരക്കഥയാണ് ചിത്രത്തിന്റെതെന്ന് ബോധ്യപ്പെട്ടു. പൂർണ്ണമായും ദേവികയുടെ സൗകര്യം മാനിച്ചാണ് ഷൂട്ട് പ്ലാൻ ചെയ്തതും നടത്തുന്നതും. നൃത്തത്തിൽ നിന്ന് സിനിമാഭിനയത്തിന് ഏറെ വ്യത്യാസം ഉണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നിൽ സഭാകമ്പമൊന്നും തനിക്ക് തോന്നിയില്ലെന്നും ദേവിക പറഞ്ഞു.
ഏറെ പരിചിതമായ എന്നാൽ ബിഗ് സ്ക്രീനിൽ കണ്ടിട്ടില്ലാത്ത ഒരു പുതുമുഖത്തിനായുള്ള അന്വേഷണത്തിലാണ് സംവിധായകൻ ദേവികയിലെത്തിയത്.
പതിമൂന്നാം വയസ്സ് മുതൽ നിരവധി സിനിമകളിൽ അഭിനയിക്കാൻ ക്ഷണം വന്നിട്ടും ഒന്നും തന്നെ സ്വീകരിച്ചില്ല. സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, കാബൂളി വാല തുടങ്ങിയ എത്രയോ ഹിറ്റു സിനിമകളിൽ നായികയാവാൻ വിളിച്ചപ്പോഴും ‘നോ’ ആയിരുന്നു മറുപടി. കാരണം നൃത്തം അത്രയേറെ പ്രിയപ്പെട്ടതായിരുന്നു.
ഐഎസ്ആർഒയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ലഭിക്കുന്ന ആദ്യ നർത്തകിയാണ് മേതിൽ ദേവിക. എം.ബി.എ. ബിരുദധാരിയായ ദേവികയ്ക്ക് കുച്ചിപ്പുടിയിൽ എം.എയുമുണ്ട്. ഇതിനു പുറമേ രണ്ടു ദേശീയ പുരസ്കാരങ്ങൾ , കേരള സംഗീത നാടക അക്കാദമിയുടെ രണ്ടു സംസ്ഥാന പുരസ്കാരങ്ങൾ തുടങ്ങി ഒട്ടനവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here