വിദ്യാർത്ഥിനിയുടെ പീഡന പരാതി പോലീസിന് വിടാതെ സർവകലാശാല; ഇടത് അധ്യാപകനെ സംരക്ഷിക്കാനെന്ന് ആരോപണം
എംജി സര്‍വകലാശാലയില്‍ അധ്യാപകനെതിരെ നൽകിയ ലൈംഗിക പീഡന പരാതി ഒതുക്കി തീർക്കുന്നതായി ആരോപണം. സർവകലാശാലയിൽ സെമിനാറിനെത്തിയ കർണാടകയിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായിട്ടാണ് പരാതി. സ്കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസിലെ അധ്യാപകനായ എംവി ബിജുലാലിനെതിരെയാണ് കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്.
കുടിയേറ്റ വിഷയവുമായി ബന്ധപെട്ട് കഴിഞ്ഞ ആഴ്ച എംജി സർവകലാശാല സ്കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസ് ദ്വിദിന സെമിനാർ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തിരുന്നു. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥിനി എറണാകുളത്ത് കുടിയേറ്റ തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കാൻ അധ്യാപകനൊപ്പം പോയിരുന്നു. ഫീൽഡ് വിസിറ്റിനിടയിൽ അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് കടുത്ത മാനസിക പ്രശ്നനങ്ങൾ നേരിടുന്നതായും വിദ്യാർത്ഥിനി ഈ മെയിൽ വഴി നൽകിയ പരാതിയിൽ പറയുന്നു. പരാതി ഇൻറേണൽ കമ്മറ്റി ചെയർമാന് കൈമാറിയതായി സർവകലാശാല റജിസ്ട്രാർ അറിയിച്ചു. കമ്മറ്റിയുടെ റിപ്പോർട്ട് മുദ്ര വെച്ച കവറിൽ വൈസ് ചാൻസലർക്ക് നൽകും. റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച് പോലീസിൽ പരാതി നൽകുന്നതടക്കം തുടർ നടപടികൾ സ്വീകരിക്കുമെന്നും റജിസ്ട്രാർ അറിയിച്ചു.
ഇടത് അധ്യാപക സംഘടനയില്‍ അംഗമായ ബിജുലാലിനെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നതെന്ന് കെഎസ്യു ആരോപിച്ചു. ഇത്രയും ഗൗരവമുള്ള പരാതി ക്രിമിനല്‍ കുറ്റം എന്ന തരത്തില്‍ പോലീസിന് കൈമാറേണ്ടതിന് പകരം സര്‍വകലാശാലയുടെ പരാതി പരിഹാര സെല്ലിലേക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന ആക്ഷപവും ശക്തമാണ്.
ബിജുലാലിനെതിരെ മുമ്പും നിരവധി പരാതികള്‍ ഉണ്ടായിരുന്നു. അതൊക്കെ ഒതുക്കി തീര്‍ത്തതായും വിദ്യാർത്ഥികൾ പറയുന്നു. അതിനാൽ എത്രയും പെട്ടന്ന് പരാതി പോലീസിന് കൈമാറി അടിയന്തരമായി നീതി നടപ്പാക്കണമെന്നാണ് ആവശ്യം. പരാതി ഉടൻ പോലീസിന് കൈമാറിയില്ലെങ്കിൽ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്താനും വിദ്യാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്. സംഭവം നടന്നത് സർവകലാശാലക്കുള്ളിൽ അല്ലാത്തതിനാൽ പോലീസിന് കൈമാണമെന്നാണ് ഒരു വിഭാഗം അധ്യാപകരും ആവശ്യപ്പെടുന്നത്. വിഷയത്തിൽ കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി അധികൃതർ ഇടപെട്ടതായിട്ടാണ് സൂചനകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here