തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; മൂന്ന് മേല്‍നോട്ടക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷന്‍; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിക്കെത്തിയ ശേഷം തൊഴിലാളികളുമൊത്ത് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയ്ക്ക് പോയ 3 മേല്‍നോട്ടക്കാര്‍ക്ക് (മേറ്റുമാര്‍ക്ക്) ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷന്‍ നല്‍കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവ്. ഈ മേറ്റുമാര്‍ക്കൊപ്പം മുങ്ങിയ 71 തൊഴിലാളികള്‍ക്ക് അന്നത്തെ വേതനവും ലഭിക്കില്ല. പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെതിരെയാണ് ഓംബുഡ്സ്മാന്‍ നടപടി വന്നത്. മേറ്റുമാരായ ഒ.ലേഖ, എസ്.സുനിത, ടി.ശശികല എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
എന്നാല്‍ ഓംബുഡ്സ്മാന്‍ നടപടിക്കെതിരെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രംഗത്തുവന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും മേറ്റുമാര്‍ക്കും എതിരെ വന്ന നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “രാഷ്ട്രീയ പാര്‍ട്ടി പരിപാടി വരുമ്പോള്‍ തൊഴിലാളികള്‍ പോകുന്നത് സാധാരണമാണ്. ഓംബുഡ്സ്മാന്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കും.”- പ്രസിഡന്റ് പറഞ്ഞു.
എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിന്‍റെ നിലപാട് തള്ളിയാണ് ഓംബുഡ്സ്മാന്‍റെ കണ്ടെത്തല്‍. തൊഴിലാളികളെ ജോലിക്ക് എത്തിക്കാനും അവര്‍ ജോലി ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം മേറ്റുമാര്‍ക്കാണ്. ഇവര്‍ ജോലിയില്‍ വീഴ്ച വരുത്തിയത് വ്യക്തമായിട്ടുണ്ടെന്നും അതിനാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലുറപ്പ് തൊഴിലാളികള്‍ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയ്ക്ക് പോകുമെന്ന് ആദ്യമേ വിവരം ലഭിച്ചിരുന്നു. മനുഷ്യച്ചങ്ങലയ്ക്ക് ഇവര്‍ പോയ ദിവസം തന്നെ ഓംബുഡ്സ്മാന് പരാതി നല്‍കി. ഉദ്യോഗസ്ഥര്‍ സൈറ്റിലെത്തി പരിശോധന നടത്തിയിരുന്നു. തൊഴിലാളികള്‍ മുങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായി. അതുകൊണ്ടാണ് കടുത്ത നടപടികള്‍ വന്നത്-ഇളംപള്ളില്‍ വാര്‍ഡ് കൗണ്‍സിലറായ കോണ്‍ഗ്രസ് പ്രതിനിധി ജി.പ്രമോദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ജനുവരി 20നാണ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല നടത്തിയത്. അന്നേ ദിവസം പഞ്ചായത്തിലെ 20 ആം വാര്‍ഡില്‍ ഭൂമി തട്ടുതിരിക്കല്‍, തീറ്റപ്പുല്‍കൃഷി എന്നീ ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ടായിരുന്നു. തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിക്ക് എത്തിച്ച ശേഷം മേറ്റുമാര്‍ ഇവരെയും കൂട്ടി മുങ്ങുകയായിരുന്നു. ഹാജര്‍ രേഖപ്പെടുത്തി മുങ്ങിയത് മനസിലായപ്പോള്‍ ഓംബുഡ്സ്മാന് പരാതി പോയി. ബിജെപി നേതാവ് എം. മനു, യൂത്ത് കോണ്‍ഗ്രസ് അടൂര്‍ അസംബ്ലി പ്രസിഡന്റ് എം.ജയകൃഷ്ണന്‍ എന്നിവരാണ് പരാതി നല്‍കിയത്.
തുടര്‍ന്ന് ബിഡിഒ സ്ഥലത്തെത്തി അന്വേഷണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ രാഷ്ട്രീയ സംഘടനയുടെ പരിപാടിക്ക് പോയതായി വ്യക്തമായതിനെ തുടര്‍ന്ന് ബിഡിഒ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മേറ്റുമാര്‍ക്കെതിരെയും തൊഴിലാളികള്‍ക്കെതിരെയും നടപടി വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here