സിദ്ധിവിനായക ക്ഷേത്രത്തിലെ ലഡ്ഡുവും വിവാദത്തിൽ; എലി കയറിയ വീഡിയോ വേറെവിടെയോ നിന്നെന്ന് വിശദീകരണം

തിരുപ്പതി ലഡ്ഡുവിനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ മുംബൈയിലെ പ്രശസ്ത സിദ്ധിവിനായക ക്ഷേത്രത്തിലെ ലഡ്ഡുവും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകൾക്കുള്ളിൽ എലികൾ കിടക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതാണ് വിവാദത്തിന് കാരണമായത്.
ട്രേയില്‍ സൂക്ഷിച്ചിരിക്കുന്ന ലഡ്ഡു പായ്ക്കറ്റുകളില്‍ എലികള്‍ കിടക്കുന്നത് വീഡിയോകളിൽ വ്യക്തമായി വിഡിയോയില്‍ കാണാം. എന്നാൽ, വീഡിയോ പുറത്ത് എവിടെയോ ചിത്രീകരിച്ചതെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
”ദിവസേന ലക്ഷക്കണക്കിന് ലഡ്ഡുവാണ് വിതരണം ചെയ്യുന്നത്. വളരെ വൃത്തിയായ സ്ഥലത്താണ് അവ തയ്യാറാക്കുന്നത്. വീഡിയോയിൽ കാണിക്കുന്നത് വൃത്തിഹീനമായ സ്ഥലമാണ്. ഇത് ക്ഷേത്ര പരസരമല്ല, പുറത്തെവിടെയോ ചിത്രീകരിച്ചതാണ്, ”ശ്രീ സിദ്ധിവിനായക ഗണപതി മന്ദിർ ട്രസ്റ്റ് (എസ്എസ്ജിടി) ചെയർപേഴ്സൺ സദാ സർവങ്കർ പിടിഐയോട് പറഞ്ഞു.
”ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യ്, കശുവണ്ടി, മറ്റ് ചേരുവകൾ എല്ലാം ആദ്യം ബൃഹൻമുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ലാബില്‍ പരിശോധനയ്ക്ക് അയക്കും. അവരുടെ അനുമതി ലഭിച്ചതിന് ശേഷമാണ് ഉപയോഗിക്കുന്നത്. ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം പോലും ലാബിൽ പരിശോധിക്കാറുണ്ട്,” സർവങ്കർ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിസിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും സിസിടിവി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here