കൂടത്തായി ജോളിയുടെ കഥ വീണ്ടും പറഞ്ഞ് മിഥുന്‍ മാനുവല്‍; ‘അണലി’ വെബ് സീരീസ് ചിത്രീകരണം ആരംഭിച്ചു
കേരളത്തിനകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലക്കേസിനെ ആസ്പദമാക്കി ഒരുക്കിയ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്‌ററി കറി ആന്‍ഡ് സയനൈഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. പതിനാല് വര്‍ഷത്തിനിടെ കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് നടത്തിയ ആറ് കൊലപാതക പരമ്പരയുടെ നാള്‍വഴികളാണ് ക്രിസ്റ്റോ ടോമി ഡോക്യുമെന്ററിയില്‍ അവതരിപ്പിച്ചത്. കൂടത്തായി കേസുമായി ബന്ധപ്പെട്ട് ഒരു വെബ് സീരീസ് ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രമായ ഓസ്ലറിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് തന്റെ ആദ്യ വെബ് സീരീസ് പരീക്ഷണത്തിലേക്ക് ഇറങ്ങുന്നത്. കൂടത്തായി കേസ് തന്നെയാണോ ഇതിവൃത്തം എന്ന ചോദ്യത്തിന് പറയാറായിട്ടില്ല എന്ന് മിഥുന്‍ മാനുവല്‍ പ്രതികരിച്ചു.
അണലി എന്നാണ് വെബ് സീരീസിന്റെ പേര്. മാര്‍ച്ച് 8ന് ചിത്രീകരണം ആരംഭിച്ചതായി സംവിധായകന്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ലിയോണ ലിഷോയിയും നിഖില വിമലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരീസിലെ മുഖ്യ കഥാപാത്രമായ ജോളി ജോസഫായാണ് ലിയോണ എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏഷ്യാവില്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിരീസ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. മിഥുന്‍ മാനുവല്‍ തോമസും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് അണലിയുടെ തിരക്കഥ ഒരുക്കുന്നത്.
ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയാണ് മിഥുന്‍ മാനുവല്‍ തോമസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ജയസൂര്യ നായകനായ ആട്, കുഞ്ചാക്കോ ബോബന്‍ നായകനായ അഞ്ചാം പാതിര എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ജയറാം, മമ്മൂട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, മിഥുന്‍ തിരക്കഥയെഴുതി ഒരുക്കിയ ഓസ്ലര്‍ എന്ന ചിത്രം തിയറ്ററുകളില്‍ വന്‍ വിജയം നേടി. ആറാം പാതിര എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. എന്നാലിത് അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല, മറ്റൊരു ത്രില്ലര്‍ ആണെന്നാണ് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ വ്യക്തമാക്കിയത്.
അടുത്തിടെ പുറത്തിറങ്ങിയ ഫീനിക്‌സ് എന്ന ഹൊറര്‍ ത്രില്ലറിന്റെ തിരക്കഥ ഒരുക്കിയതും മിഥുന്‍ മാനുവലാണ്. മമ്മൂട്ടി നായകനാകുന്ന ടര്‍ബോയുടെ തിരക്കഥാകൃത്തും മിഥുന്‍ ആണ്. ത്രില്ലറുകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച മിഥുന്‍ മാനുവല്‍ കൂടത്തായി ജോളിയെ എങ്ങനെയാകും പ്രേക്ഷരിലേക്ക് എത്തിക്കുന്നതെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here