നാല് വയസുകാരിക്കെതിരെ പീഡനം; പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു, പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം ചേളാരിയില്‍ ഇതര സംസ്ഥാനക്കാരിയായ നാലുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ബാലിക തിരിച്ചറിഞ്ഞു. സംഭവത്തില്‍ പ്രതിയായ മധ്യപ്രദേശ് സ്വദേശിയുടെ അറസ്റ്റ് കേരള പൊലീസ് രേഖപ്പെടുത്തി. ഉപദ്രവിച്ചയാളുടെ ഫോട്ടോ ബാലിക തിരിച്ചറിയുകയായിരുന്നു.
കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശീതള പാനീയം കൊടുത്ത് പ്രലോഭിപ്പിച്ച് പ്രതി കുട്ടിയെ കൊണ്ടുപോയ ശേഷമായിരുന്നു പീഡനമെന്ന് സ്റ്റേഷൻ ഓഫീസർ വിശദമാക്കി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് ചേളാരിയിലായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് അറസ്റ്റിലായ പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്.
കുട്ടിയുടെ മാതാപിതാക്കളും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരാണ് സംഭവം തിരൂരങ്ങാടി പൊലീസിൽ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here