പനമരത്ത് ദേശാടനപക്ഷികൾ കൂട്ടത്തോടെ ചത്തുവീഴുന്നു; കീടനാശിനിയാണ് കാരണമെന്ന ആരോപണവുമായി നാട്ടുകാർ, ഭോപ്പാലിലെ ഫലത്തിനായി കാത്തിരിപ്പ്

വയനാട്: പനമരം കൊറ്റില്ലത്തിൽ കൊക്കുകൾ ചത്തുവീണ സംഭവത്തിൽ ജില്ലാ വനംവകുപ്പും വെറ്ററിനറി വിഭാഗവും സ്ഥലത്തെത്തി പക്ഷികളുടെ സാമ്പിളുകൾ ശേഖരിച്ചു. ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ. ജയരാജ്, ജില്ലാ ക്ലിനിക്കൽ ലാബ് ഡോ. കൃഷ്ണാനന്ദ്, പനമരം വെറ്ററിനറി ഡോ. മുസ്തഫ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സാമ്പിളുകൾ ശേഖരിച്ചത്. വിദഗ്ധ പരിശോധനക്കായി അവ ഭോപ്പാൽ വൈറോളജി ലാബിലേക്ക് അയച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പരിശോധനാഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കൽ സംഘം അറിയിച്ചു.

ദേശീയ തലത്തിൽ ശ്രദ്ധാകേന്ദ്രമായ പനമരം കൊക്കുകളുടെ പ്രജനനകാല താവളമാണ്. മുൻ വർഷങ്ങളിലും ഈ പ്രദേശത്ത് ദേശാടനപ്പക്ഷികൾ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയധികം പക്ഷികൾ കൂട്ടത്തോടെ ചത്തുവീഴുന്നത് ആദ്യമായാണ്. കഴിഞ്ഞ ദിവസമാണ് വെളളം കുടിക്കാൻ പുഴയിലിറങ്ങുന്ന കൊക്കുകൾ അടക്കം ചത്തുവീഴുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കൃഷിയിടങ്ങളിലെ കീടനാശിനിയുടെ വ്യാപക പ്രയോഗമാണ് പക്ഷികൾ ചാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ദിവസം കഴിയുന്തോറും കൂടുതൽ പക്ഷികൾ ചത്തൊടുങ്ങുന്നത് ആശങ്കയിലാക്കിയിട്ടുണ്ട്.
വംശനാശഭീഷണി നേരിടുന്ന നൂറുകണക്കിനു ജീവജാലങ്ങളുടെ ആവാസകേന്ദ്രവും ദേശാടനപ്പക്ഷികളുടെ സംഗമഭൂമിയുമാണ് പനമരം. മൺസൂൺകാലത്ത് ഭൂഖണ്ഡങ്ങൾതാണ്ടി വിദേശപക്ഷികളടക്കം ഇവിടെയെത്താറുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here