അര്‍ജുനായി എട്ടാം ദിനം നദിയില്‍ തിരച്ചില്‍; സ്ത്രീയുടെ മൃതദേഹം കിട്ടി
കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി ഇന്ന് ഗംഗാവലി നദി കേന്ദ്രീകരിച്ച് സൈന്യത്തിന്റെ തിരച്ചില്‍. നദിയില്‍ നിന്നും ലഭിച്ച സിഗ്നല്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ ഇന്ന് രാവിലെ തുടങ്ങിയത്. ലോറി കരഭാഗത്ത് ഇല്ലെന്നാണ് സൈന്യത്തിന്റെ നിലവിലെ നിഗമനം. നദിയിലെ ചെളിയില്‍ പുതഞ്ഞ് പോകാനുള്ള സാധ്യതയാണ് സൈന്യം പരിശോധിക്കുന്നത്. ഇതിനായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്നതെന്ന് സംശയിക്കുന്ന തടിയുടെ ഭാഗങ്ങള്‍ നദിയില്‍ നിന്നും കണ്ടൈത്തിയതായും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്.
നദിയിലെ തിരച്ചിലില്‍ ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മണ്ണിടിച്ചിലില്‍ കാണാതായ സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹമാണ് ഇതെന്നാണ് സംശയം. സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ തുടങ്ങിയിട്ടുണ്ട്. നദിയുടെ മറുകരയില്‍ മാടങ്കേരി ഉള്‍വരെ എന്ന ഗ്രാമത്തില്‍ താമസക്കാരിയാണ് സ്ത്രീ. വെള്ളം ഇരച്ചെത്തിയപ്പോള്‍ വീടിനുള്ളില്‍ പാചകം ചെയ്തുകൊണ്ടിരുന്ന ഇവര്‍ ഒഴുകിപ്പോകുകയായിരുന്നു. 9 പേരാണ് ജലപ്രവാഹത്തില്‍പ്പെട്ട് കാണാതായത്. ഇതില്‍ 2 സ്ത്രീകളുടെ മൃതദേഹം ലഭിച്ചു. 7 പേര്‍ക്ക് പരുക്കേറ്റു. 6 വീടുകളും ഇവിടെ തകര്‍ന്നിട്ടുണ്ട്.മണ്ണിടിച്ചിലുണ്ടായ ദിവസം ഗംഗാവലിപ്പുഴയില്‍ വലിയ സ്‌ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അര്‍ജുനും ലോറിയും ഉണ്ടെന്ന് സംശയിച്ചിരുന്ന കരയിലെ മണ്‍കൂനയുടെ 98 ശതമാനവും ഇന്നലെയോടെ നീക്കം ചെയ്തിരുന്നു. ഇതോടെയാണ് നദിയിലേക്ക് തിരച്ചില്‍ കേന്ദ്രീകരിക്കാമെന്ന തീരുമാനം സൈന്യം എടുത്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here