നിഷ്‌ക്രിയ പരബ്രഹ്‌മമായ വനംമന്ത്രിയും, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വകുപ്പും; വന്യമൃഗങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കുന്നു

കഴിഞ്ഞ മൂന്നര മാസത്തിനിടയില്‍ വന്യമൃഗ ആക്രമത്തില്‍ 18 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും വനംമന്ത്രി എകെ ശശീന്ദ്രന്‍ പതിവ് പല്ലവിയുമായി നടക്കയാണ്. സംസ്ഥാന ചരിത്രത്തില്‍ ഇത്തരമൊരു കഴിവുകെട്ട വനംമന്ത്രി ഉണ്ടായിട്ടില്ലെന്നാണ് ഭരണ – പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പറയുന്നത്. എന്തിനുമേതിനും റിപ്പോര്‍ട്ട് തേടല്‍ മാത്രമാണ് മന്ത്രിയെന്ന നിലയില്‍ എകെ ശശീന്ദ്രന്‍ ചെയ്യുന്നത്. വന്യജീവി ആക്രമണം ഉണ്ടാകുമ്പോഴും ഇതുവതന്നെയാണ് ഇടപെടല്‍.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നാമത്തെ മരണമാണ് ഇന്നുണ്ടായത്. വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ ഇന്ന് രണ്ടു പേര്‍ മരിച്ചു. വാഴച്ചാല്‍ സ്വദേശികളായ അംബിക(30), സതീഷ്(34) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളിക്കും വാഴച്ചാലിനുമിടയിലുള്ള വഞ്ചിക്കടവിലാണ് സംഭവം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു ഇവര്‍. നാലംഗ സംഘമാണ് കാട്ടിലേക്ക് പോയത്.
ഞായറാഴ്ച രാത്രി അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചില്‍തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വനത്തില്‍നിന്നു സെബാസ്റ്റ്യനും കൂട്ടുകാരും തേന്‍ ശേഖരിച്ച് തിരിച്ചുവരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
ഈ രണ്ട് സംഭവങ്ങളിലും ചട്ടപ്പടി അന്വേഷണം പ്രഖ്യാപിച്ച് മുങ്ങുക എന്ന പതിവ് പരിപാടിയാണ് വനംമന്ത്രി ചെയ്തത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആയിരത്തിലധികം മനുഷ്യ ജീവന്‍ വന്യജീവി ആക്രമണത്തില്‍ നഷ്ടപ്പെട്ടിട്ടും ഉദ്യോഗസ്ഥരില്‍ നിന്ന് വനം മന്ത്രി റിപ്പോര്‍ട്ട് വാങ്ങി ഫ്രീസറില്‍ വെക്കുകയാണ് ചെയ്തിരിക്കുന്നത്. വന്യജീവികള്‍ മനുഷ്യരുടെ ആവാസ കേന്ദ്രങ്ങളിലേക്ക് വരുന്നത് തടയാന്‍ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിനും ഈ മന്ത്രിക്കും കഴിഞ്ഞിട്ടില്ല.
കാടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവിയാണ് വനംമന്ത്രി നിരന്തരം പറയുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളില്‍ ആദിവാസികള്‍ താമസിക്കാം അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ട ബാധ്യത സര്‍ക്കാരിന്റേതാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് കഴിഞ്ഞ 10 കൊല്ലമായി തുടരുന്നത്. യഥാര്‍ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാത്ത സര്‍ക്കാരും വനംവകുപ്പുമാണ് ഈ ദുരന്തങ്ങളുടെ ഏക ഉത്തരവാദി.
കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് മനുഷ്യ – മൃഗ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ പത്ത് മിഷന്‍ നടപ്പാക്കുമെന്ന് നെടുങ്കന്‍ പത്രപ്രസ്താവന പുറപ്പെടുവിച്ചതല്ലാതെ പ്രായോഗിക തലത്തില്‍ ഒന്നും ഫലവത്തായി നടപ്പിലായി കണ്ടില്ല. സംസ്ഥാനത്തെ വനാതിര്‍ത്തി 16,845 കിലോമീറ്ററാണ്. സംരക്ഷണത്തിനായി ആകെയുള്ളത്. 3,825 വനപാലകരാണ്. ആധുനിക സംവിധാനങ്ങളുടെ കടുത്ത അപര്യാപ്ത ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നേരിടുന്നുണ്ട്. അത് പോലെ തന്നെ മൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും വനത്തിനുള്ളില്‍ ഒരുക്കുമെന്നൊക്കെ പതിവ് പ്രസ്താവനകള്‍ നടത്തി യോഗം പിരിയുന്നതാണ് മന്ത്രിയുടേയും കൂട്ടരുടേയും ആചാരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here